തിരുവനന്തപുരം: ഏപ്രിലിലെ റേഷൻ വിതരണത്തിൽ ക്രമക്കേട് നടന്നതിനെക്കുറച്ച് സിവിൽ സപ്ളൈസ് വകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. ബയോമെട്രിക് സംവിധാനം കാര്യക്ഷമമല്ലാതിരുന്ന ഏപ്രിലിൽ മുൻഗണനാവിഭാഗത്തിലെ 98 ശതനമാനത്തോളം പേരും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സൗജന്യ അരി വാങ്ങിയതായണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ബയോമെട്രിക് സംവിധാനം വീണ്ടും ഏർപ്പെടുത്തിയ മേയിൽ ഇതിൽ 2,01,194 പേർ സൗജന്യ അരി വാങ്ങിയിട്ടില്ല. ഇതാണ് സംശയത്തിനിടയാക്കിയത്. ഏപ്രിലിലെ റേഷൻ വിതരണത്തിൽ ക്രമക്കേടു നടന്നതായി കേന്ദ്ര ഭക്ഷ്യവകുപ്പും സംശയം പ്രകടിപ്പിച്ചിരുന്നു.
ബയോമെട്രിക് സംവിധാനം ഏപ്രിലിൽ ഒഴിവാക്കിയിരുന്നു. പകരം ഒ.ടി.പി സംവിധാനവും അതിനുമായില്ലെങ്കിൽ മാന്വലായി എഴുതി ചേർക്കാനുമായിരുന്നു നിർദ്ദേശം. കൊവിഡ് ഭീതിയുടെ സാഹചര്യത്തിൽ എല്ലാവർക്കും സൗജന്യ അരി ഉൾപ്പെടെ കിട്ടാൻ സ്വീകരിച്ച മാർഗം വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് വിലയിരുത്തൽ.
ഏപ്രിലിൽ റേഷൻ വാങ്ങിയവരിൽ 57.55% പേർ മാത്രമാണ് ഒ.ടി.പി ഉപയോഗിച്ചത്. മേയിൽ റേഷൻ വാങ്ങിയവരിൽ 96.33% പേരും ബയോമെട്രിക് സംവിധാനവും 2.07% പേർ ഒ.ടി.പി യും ഉപയോഗിച്ചു. ഇതൊന്നുമല്ലാതെ റേഷൻ വാങ്ങിയത് 1.6% പേരാണ്. കാർഡിലെ ഓരോ അംഗത്തിനും 5 കിലോ അരി വീതമാണ് കേന്ദ്രം അനുവദിച്ചത്.
കേന്ദ്ര റേഷൻ അനുവദിച്ചത് - 37,43,771 കാർഡ് ഉടമകൾക്ക്(മുൻഗണനാ വിഭാഗം)
മഞ്ഞ കാർഡുള്ളവർ- 5,92,444
പിങ്ക് കാർഡുള്ളവർ- 31,51,327
മേയിൽ
കേന്ദ്ര റേഷൻ വാങ്ങിയത്- 34,69,234 പേർ
വാങ്ങാതിരുന്നത്-2,74,537 പേർ
ഏപ്രിലിൽ
റേഷൻ വാങ്ങിയത്- 36,70,448 പേർ
വാങ്ങാതിരുന്നത്- 73,343 പേർ
റേഷൻ വ്യാപാരികൾ പറയുന്നത്
ലോക്ക് ഡൗൺ ആയപ്പോൾ റേഷൻ അരി വാങ്ങണമെന്ന ട്രെന്റ് ഉണ്ടായിരുന്നതിനാൽ ഏപ്രിലിൽ എല്ലാവരും അരി വാങ്ങി. പിന്നീട് മറ്റ് കടകൾ തുറന്നു തുടങ്ങിയതുകൊണ്ടും റേഷൻ അരിയോടുള്ള താത്പര്യക്കുറവുകൊണ്ടുമാണ് മേയിൽ റേഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവു വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |