തിരുവനന്തപുരം: തന്നെ മനഃപൂർവം അപമാനിക്കാനുള്ള ശ്രമങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്നുവെന്ന് സിപിഎം നേതാവ് ജി സുധാകരൻ. 'സഖാവ് പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്ന തലക്കെട്ടോടെ ഒരു അസഭ്യ കവിത പല ഗ്രൂപ്പുകളിലും എത്തുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കോഴിക്കോടുള്ള ഒരു സുഹൃത്ത് വഴിയാണ് ഇക്കാര്യം അറിഞ്ഞതെന്നും കുറച്ചുനാളായി തന്റെ ചിത്രത്തോടുകൂടി ഇത്തരം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുവെന്നും ജി സുധാകരൻ കുറിച്ചു. ഇത്തരം ഗുരുതര കുറ്റങ്ങൾ സൈബർ പൊലീസ് ശ്രദ്ധിച്ചാൽ കൊള്ളാമെന്നും സുധാകരൻ കുറിച്ചു.
കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയാണ് ജി സുധാകരൻ. അദ്ദേഹത്തെ അനുനയിപ്പിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും അടുക്കാത്ത മട്ടിലാണ്. പ്രായത്തിന്റെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടത് മുതലാണ് പാർട്ടി നേതൃത്വത്തിനെതിരെ ജി സുധാകരൻ പരസ്യ പ്രതികരണങ്ങൾ ആരംഭിച്ചത്. പലപ്പോഴായി സർക്കാരിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കുംവിധത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയോട് ചേർന്ന് പോകണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോട് കടുത്ത ഭാഷയിലാണ് സുധാകരൻ മറുപടി നൽകിയത്. കഴിഞ്ഞ ദിവസം കുട്ടനാട് നടന്ന വിഎസ് അച്യുതാനന്ദൻ സ്‌മാരക പുരസ്‌കാരദാന ചടങ്ങിൽ നിന്ന് പോലും സുധാകരൻ വിട്ടുനിന്നിരുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മുന്നറിയിപ്പ്:
ജാഗ്രത !
'സ. പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു.
കുറച്ചുനാളായി ക്എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവ്വം എന്നെ അപമാനിക്കാൻ വേണ്ടിയാണ്.
സൈബർ പോലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |