പത്തനംതിട്ട: പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്ടറിന്റെ ടയറുകൾ ഹെലിപാഡിലെ കോൺഗ്രീറ്റിൽ താഴ്ന്ന സംഭവം ഏറെ ചർച്ചയായിരുന്നു. ഒടുവിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഡിജിപി രംഗത്തെത്തുകയും ചെയ്തു. ഹെലികോപ്ടറുമായി ബന്ധപ്പെട്ടുതന്നെ മറ്റൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോൾ.
ഹെലികോപ്ടർ താഴേക്ക് ഇറങ്ങുന്നതിനിടയിൽ റോട്ടറിൽ തട്ടി ഒരു 'അജ്ഞാത' വസ്തു താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്താണിത് എന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ ചർച്ച. പുറത്തുവന്ന വീഡിയോകൾ പലരും സൂം ചെയ്തു, പല തവണ കണ്ടതോടെ ആളുകൾക്ക് 'അജ്ഞാത' വസ്തു എന്താണെന്ന് മനസിലാകുകയും ചെയ്തു. പക്ഷിയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഹെലികോപ്ടറിന്റെ റോട്ടർ ബ്ലേഡുകളിൽപ്പെട്ടാണ് പക്ഷി താഴേക്ക് പതിച്ചതെന്നാണ് വിവരം.
നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ രാത്രിയാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് ആറരയോടെയാണ് രാഷ്‌ട്രപതി തിരുവനന്തപുരത്ത് എത്തി. രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഇന്ന് രാവിലെയോടെ അവർ ശബരിമലയിലേക്ക് പുറപ്പെട്ടു. 11.30ഓടെയാണ് രാഷ്ട്രപതിയും സുരക്ഷാ ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തിയത്. പമ്പയിലെത്തി കെട്ടുനിറച്ചാണ് മല ചവിട്ടിയത്. വൈകിട്ടോടെ തിരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങുകയും ചെയ്തു. ഇരുപത്തിനാലിന് വൈകിട്ട് രാഷ്‌ട്രപതി ഡൽഹിയിലേക്ക് തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |