അടൂർ: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് സൂരജിന്റെ വീട്ടിൽ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. മൂന്നു മണിക്കൂറോളം നീണ്ട പരിശോധനയ്ക്കുശേഷം സൂരജിന്റെ പിതാവ് സുരേന്ദ്രനെയും കൂട്ടിയിറങ്ങിയ സംഘം അയാളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന.
സൂരജ് ഇല്ലാതെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഡിവൈ.എസ്.പി എസ്. അശോകന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എത്തിയത്. വിരലടയാള വിദഗ്ദ്ധരും ഫോട്ടോഗ്രാഫറും അടൂർ താലൂക്ക് ഒാഫീസിലെ ഡെപ്യൂട്ടി തഹസീൽദാർ ശ്യാം ജോൺ ഉൾപ്പെടെ മൂന്ന് റവന്യൂ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
വീട്ടിലേക്ക് മാറ്റാരും പ്രവേശിക്കാതിരിക്കാൻ ഗേറ്റും വാതിലും അടച്ചശേഷം പിതാവ് സുരേന്ദ്രൻ, മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരുടെ മൊബൈൽഫോൺ വാങ്ങിവച്ച ശേഷമായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒളിപ്പിച്ചുവച്ചിട്ടുണ്ടെങ്കിൽ കൈമാറാൻ പറഞ്ഞെങ്കിലും ഒന്നുമില്ലെന്ന് വീട്ടുകാർ അറിയിച്ചു. അവിടെയുണ്ടായിരുന്ന ചുറ്റിക, ചെറിയ അമ്മിക്കല്ല് എന്നിവയും വീട്ടുകാരുടെ മൂന്ന് മൊബൈൽഫോണുകളും കസ്റ്റഡിയിലെടുത്തു. ഉത്രയുടെ സ്വർണം ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന ബാങ്കിൽ സംഘം എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സമയം വൈകിയതിനാൽ അവിടെ കയറിയില്ല.അഞ്ചൽ ഏറത്തുള്ള ഉത്രയുടെ വീട്ടിലെത്തിയും മൊഴിയെടുത്തു.
വനിതാ കമ്മിഷന്റെ നിർദ്ദേശപ്രകാരം സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ കേസെടുക്കുന്നതിനു മുന്നോടിയായി പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്. പി ആർ. ജോസും സൂരജിന്റെ വീട്ടിലെത്തി ഇന്നലെ വിവരങ്ങൾ ശേഖരിച്ചു. പിന്നീട് ഉത്രയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. റിപ്പോർട്ട് ഇന്ന് പത്തനംതിട്ട ജില്ലാ പൊലീസ് ചീഫിന് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |