പുൽപ്പള്ളി: പുൽപ്പള്ളിയിലും പരിസരങ്ങളിലും വെട്ടുകിളി ശല്യം രൂക്ഷമാകുമ്പോഴും പരിഹാരം കാണാതെ അധികൃതർ. വേലിയമ്പത്തെ കൃഷിയിടങ്ങളിലാണ് ശല്യം വർദ്ധിച്ചിരിക്കുന്നത്. വിവിധങ്ങളായ കൃഷികൾ വെട്ടുകിളികൾ തിന്ന് നശിപ്പിക്കുകയാണ്. ഏതാനും വെട്ടുകിളികളാണ് കൃഷിയിടത്തിൽ ആദ്യം എത്തുക. പിന്നീട് ഇവ പെരുകുകയാണ്.
ഇത് സംബന്ധിച്ച പരാതികളെത്തുടർന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. ചില കീടനാശിനികൾ പ്രയോഗിക്കാൻ നിർദ്ദേശം നൽകിയതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായില്ല.
വാഴ, കാപ്പി, കൊക്കോ തുടങ്ങിയ വിളകളെല്ലാം കാർന്നുതിന്നുകയാണ് പുൽച്ചാടികളോട് സാദൃശ്യമുള്ള ഈ ജീവികൾ.
കഴിഞ്ഞ കുറേ മാസങ്ങളായി ഇവയുടെ ശല്യം ഇവിടെയുണ്ട്. ആയിരക്കണക്കിന് വെട്ടുകിളികളാണ് നാട്ടിൽ നാശം വിതയ്ക്കുന്നത്. പ്രദേശത്തെ കർഷകരിൽ നല്ലൊരു പങ്കും ജൈവ കൃഷി നടത്തുന്നവരാണ്. ഇവർ കൃഷിവകുപ്പ് നിർദ്ദേശിക്കുന്ന രാസ കീടനാശിനികൾ പ്രയോഗിക്കാൻ മടിക്കുകയാണ്.
മണ്ണിൽ മുട്ടയിടുന്ന വെട്ടുകിളികളുടെ ലാർവകൾ വളർന്ന് കൃഷിനാശം സംഭവിക്കുമ്പോൾ മാത്രമാണ് ഇവയെ കർഷകർക്ക് തിരിച്ചറിയാൻ കഴിയുക. വെട്ടുകിളി ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |