ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 8909 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 2,07,615 ആയി. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.
രണ്ടാഴ്ചക്കിടെയാണ് ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേക്ക് കടന്നത്. 217 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 5815 ആയി. രാജ്യത്ത് കണ്ടെത്തിയ രോഗികളുടെ കണക്കുകൾ പരിശോധിച്ചാൽ ഏതാണ്ട് 77% കേസുകളുടെയും ഉറവിടം എവിടെ നിന്നാണ് എന്ന് അതാത് സംസ്ഥാനങ്ങളുടെ ആരോഗ്യവകുപ്പുകൾക്ക് അറിയില്ല എന്ന് ആരോഗ്യവിദഗ്ദ്ധർ തന്നെ വ്യക്തമാക്കുന്നു.
ഇത് തന്നെയാണ് സാമൂഹികവ്യാപനത്തിന്‍റെ ലക്ഷണമായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി നിയോഗിച്ച ദൗത്യസംഘത്തിലെ രണ്ട് വിദഗ്ദ്ധർ തന്നെ രാജ്യത്തെ സാമൂഹ്യവ്യാപനത്തെക്കുറിച്ച് പല തവണ ആവർത്തിച്ച് മനസിലാക്കാൻ ശ്രമിച്ചിട്ടും, കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. എന്നാൽ രാജ്യവ്യാപകമായി സെറോ ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും, ഇതിന്‍റെ ഫലം വന്നാൽ മാത്രമേ സാമൂഹികവ്യാപനം ഉണ്ടോ എന്ന് വ്യക്തമാക്കാൻ കഴിയൂ എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
മിക്ക വികസിത രാജ്യങ്ങളുടെയും കണക്കുകൾ പരിശോധിക്കുമ്പോൾ, സമാനമായ വർദ്ധന ഇന്ത്യയിലില്ല എന്നാണ് ഐ.സി.എം.ആർ ശാസ്ത്രജ്ഞ ഡോ. നിവേദിത ഗുപ്ത പറയുന്നത്. രാജ്യത്തെ ആകെ വൈറസ് ബാധിതരില്‍ 100302 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 101497 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |