പാലക്കാട്: 'ആരോ വലിച്ചെറിഞ്ഞ പൈനാപ്പിൾ അന്നമെന്ന് കരുതി വായിലൊതുക്കി. അതിനുള്ളിൽ സ്ഫോടകവസ്തു ഒളിപ്പിച്ച് നിഷ്കരുണം കൊന്നത് ഒരു ആനയെയല്ല, ഒരുതരി പ്രാണൻ ഉള്ളിലൊതുക്കിയ ഒരമ്മയെയാണ്'...
കേരളക്കരയ്ക്ക് അപമാനമായി നടന്ന ഈ കൊടുംക്രൂരതയിൽ നെഞ്ചുപൊള്ളി രാജ്യത്തിനകത്തും പുറത്തും അനേകായിരങ്ങൾ സങ്കടപ്പെടുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതികരിച്ചെത്തിയത് നടൻ അക്ഷയ്‌കുമാറും ഇന്ത്യൻ ക്രക്കറ്റ് നായകൻ കൊഹ്‌ലിയും ഉൾപ്പെടെ പ്രമുഖരാണ്. ബി.ബി.സി, റോയിട്ടേഴസ് ഉൾപ്പടെ വിദേശ മാദ്ധ്യമങ്ങളും വാർത്ത നൽകി. കൊവിഡിന് മുന്നിൽ ലോകം പകച്ചുനിൽക്കുമ്പോഴും മനുഷ്യന്റെ ഈ കൊടുംക്രൂരതയോർത്ത് തലകുനിക്കാം.
15 വയസ് പ്രായമുള്ള ഗർഭിണിയായ കാട്ടാന ദാരുണമായി ചരിഞ്ഞ സംഭവം എങ്ങും ചർച്ചയായകുകയും പ്രമുഖർ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
25ന് രാത്രിയിലാണ് സ്ഫോടനത്തിൽ വായും നാക്കും തകർന്ന് അവശനിലയിൽ കാട്ടാന സൈലന്റ് വാലിയുടെ അതിർത്തിയായ തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാർപ്പുഴയിലെത്തിയത്. 26ന് പുഴകയറി ജനവാസമേഖലയിലെത്തി. നാട്ടുകാർ വിരട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ആന വീണ്ടും പുഴയിലിറങ്ങി നിലയുറപ്പിച്ചു. 27ന് വനംവകുപ്പുകാർ കുങ്കിയാനകളെ ഉപയോഗിച്ച് കരയ്ക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും ചരിഞ്ഞു.
ആന ഒരുമാസം ഗർഭിണിയായിരുന്ന വിവരം പോസ്റ്റ്മോർട്ടത്തിലാണ് പുറത്തുവന്നത്. നിലമ്പൂർ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ മോഹൻ കൃഷ്ണൻ ഫേസ്ബുക്കിലൂടെ ആന ചരിഞ്ഞ വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഒരാഴ്ചയോളം പഴക്കംവന്ന മുറിവിൽ പുഴുക്കളും ഈച്ചശല്യവുമുണ്ടായതിനെ തുടർന്നാവാം വേദന സഹിക്കവയ്യാതെ പുഴയിൽ ഇറങ്ങി നിന്നത്. ഇതിനിടയിലൊന്നും ആന പ്രകോപനമുണ്ടാക്കിയില്ല. ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് സൂചന.
മീൻപിടിക്കാൻ വച്ച തോട്ട കൊണ്ട് വായിലേറ്റ മുറിവാണെന്നാണ് വനംവകുപ്പഉദ്യോഗസ്ഥർ ആദ്യം കരുതിയത്. എന്നാൽ ശക്തിയേറിയ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
അമ്പലപ്പാറ വനമേഖലയിലെ കർഷകർ പന്നിയെ തുരത്താൻ പൈനാപ്പിളിൽ പടക്കം നിറച്ച് കൃഷിയിടത്തിൽ വയ്ക്കാറുണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ച സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |