ബംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ മൂത്ത മകൾ ഐശ്വര്യ ശിവകുമാറും (22) അന്തരിച്ച കഫെ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ മകൻ അമർത്യ ഹെഗ്ഡെയും (26) തമ്മിലുള വിവാഹം ഒക്‌ടോബറിൽ നടന്നേക്കും. ആഗസ്റ്റിൽ വിവാഹ നിശ്ചയം നടത്തുമെന്നും സൂചനയുണ്ട്.
ഡി.കെ. ശിവകുമാർ സ്ഥാപിച്ച ഗ്ലോബൽ അക്കാഡമി ഒഫ് ടെക്‌നോളജി ഉൾപ്പെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നോക്കി നടത്തുകയാണ് ഐശ്വര്യ. എൻജിനിയറിംഗ് ബിരുദധാരിയാണ്. ശിവകുമാറിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഐശ്വര്യയെ എൻഫോഴ്സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്‌തിരുന്നു.
അമേരിക്കയിൽ ഉന്നതപഠനം കഴിഞ്ഞ അമർത്യ അമ്മ മാളവികയ്‌ക്കൊപ്പം കുടുംബ ബിസിനസുകൾ നോക്കുന്നു. മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയും ഇപ്പോൾ ബി. ജെ. പി നേതാവുമായ എസ്. എം. കൃഷ്ണയുടെ പുത്രിയാണ് മാളവിക.
ഈ വിവാഹത്തോടെ എസ്. എം. കൃഷ്ണയും ഡി. കെ ശിവകുമാറും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ദൃഢമാവും. കൃഷ്ണ കോൺഗ്രസിലായിരുന്നപ്പോൾ ശിവകുമാറിന്റെ രാഷ്‌ട്രീയ ഗുരുവായിരുന്നു. സിദ്ധാർത്ഥയുമായും ശിവകുമാറിന് ഉറ്റ ബന്ധമായിരുന്നു. ഇരുവരും ഗൗഡ സമുദായക്കാരും ആണ്. ഇരു കുടുംബങ്ങളും തമ്മിൽ ബിസിനസ് ബന്ധങ്ങളും ഉണ്ട്.
കടബാദ്ധ്യത കാരണം സിദ്ധാർത്ഥ കഴിഞ്ഞ വർഷം ജൂലായ് 31ന് മംഗളുരുവിൽ നേത്രാവതി നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നു. അതിന് മുമ്പ് തന്നെ ഐശ്വര്യയും അമർത്യയും തമ്മിലുള്ള വിവാഹം ഇരു കുടുംബങ്ങളും തീരുമാനിച്ചിരുന്നു. സിദ്ധാർത്ഥയുടെ അപ്രതീക്ഷിത വിയോഗം കാരണം വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. സിദ്ധാർത്ഥയുടെ വേർപാട് ഒരു വർഷം പിന്നിടുമ്പോൾ വിവാഹം നടത്താനാണ് തീരുമാനം. കഴിഞ്ഞ ഞായറാഴ്‌ച ശിവകുമാറിന്റെ വസതിയിൽ കൃഷ്ണയും മാളവികയും ഉൾപ്പെടെയുള്ളവർ ചേർന്നാണ് തീരുമാനം എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |