കൊക്കാത്തോട്: മലയോര ഗ്രാമമായ കൊക്കാത്തോട്ടിലെ കാട്ടാത്തിപ്പാറയും സമീപമുള്ള പാപ്പിനി, ഒളക്കശാന്തി തുടങ്ങിയ പാറകളും പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃകയാണ്. മാനംമുട്ടിയുയർന്നു നിൽക്കുന്ന കാട്ടാത്തിപ്പാറ അരുവാപ്പുലത്തിന്റെ സ്വന്തം എവറസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. തണ്ണിത്തോട്, അടവി, മണ്ണീറ, തലമാനം വഴി വനത്തിലൂടെ കാട്ടാത്തിപ്പാറയിലേക്ക് പ്രകൃതിദത്ത ടൂറിസം പദ്ധതിയുടെ രൂപരേഖ ഒരുങ്ങിയെങ്കിലും മുടങ്ങി. വനമദ്ധ്യത്തിലൂടെയുള്ള ട്രക്കിംഗും പാറയുടെ മുകളിൽ ഹട്ടുകളിൽ താമസമൊരുക്കുന്നതുമായിരുന്നു പദ്ധതി. വനത്തിന്റെയും ജീവികളുടെയും സുരക്ഷയെ കരുതി പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് കൊക്കാത്തോടെന്ന വനാന്തരഗ്രാമത്തിലേക്ക് ജനങ്ങൾ കുടിയേറി പാർക്കുന്നതിന് മുൻപ് ആദിവാസികൾ മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്.
പാറയുടെ ഒരു വശത്തുകൂടി മുകളിലെത്താം. കാട്ടുനെല്ലിമരങ്ങൾ നിറഞ്ഞ വിശാലമായ പ്രദേശമാണിത്. ഇവിടെ നിന്നാൽ ജില്ലയിലെ വിദൂരഭാഗങ്ങൾ വരെ കാണാം. പാറയിൽ നിന്ന് ഉദയാസ്തമയം കാണുന്നത് മനോഹരമാണ്. ശബ്ദമുണ്ടാക്കിയാൽ മൂന്നായി പ്രതിധ്വനിക്കും. പാറയുടെ ഒരു വശത്ത് ഇപ്പോഴും ധാരാളം തേനടകൾ തൂങ്ങിക്കിടപ്പുണ്ട്.
പകയുടെ കഥ പറയുന്ന പാറ
ആയുർവേദ ഔഷധങ്ങളും കാട്ടുതേൻ, കുന്തിരിക്കം, ഇഞ്ച തുടങ്ങിയ വനവിഭവങ്ങളും വാങ്ങാൻ ഒരു മലഞ്ചരക്ക് വ്യാപാരി നാട്ടിൽ നിന്ന് പതിവായി കൊക്കാത്തോട്ടിൽ എത്തിയിരുന്നു. പാറയുടെ അടിവാരത്ത് താമസിച്ചിരുന്ന കാട്ടാളന്റെയും കാട്ടാളത്തിയുടെയും പക്കൽ നിന്ന് വ്യാപാരി പതിവായി വനവിഭവങ്ങൾ വാങ്ങി. ക്രമേണ സുന്ദരിയായ കാട്ടാളത്തിയോട് അടുപ്പം തോന്നിയ വ്യാപാരി കാട്ടാളനെ കൊല്ലാൻ തീരുമാനിച്ചു. പാറയുടെ ഒരുവശത്ത് തൂങ്ങി കിടന്നിരുന്ന വള്ളിയിലൂടെ സാഹസികമായി ഊർന്നിറങ്ങി കാട്ടുതേൻ ശേഖരിക്കുമ്പോൾ വള്ളി മുറച്ച് വീഴ്ത്തി കാട്ടാളനെ വ്യാപാരി കൊന്നു. തുടർന്ന് വ്യാപാരി കാട്ടാളത്തിയോടൊപ്പം വനത്തിൽ താമസമായെങ്കിലും ഭർത്താവിനെ കൊന്നതിന്റെ പക അവരുടെ മനസിൽ പ്രതികാരമായി വളർന്നു. ഒരു ദിവസം തേനെടുക്കാൻ കാട്ടുവള്ളിയിലൂടെ താഴേക്ക് ഇറങ്ങിയ വ്യാപാരിയെ വള്ളി മുറിച്ചുവിട്ട് വീഴ്ത്തി കൊന്ന് കാട്ടാളത്തി പ്രതികാരം തീർത്തു. അന്നുമുതലാണ് പാറയ്ക്ക് കാട്ടാത്തിപ്പാറയെന്ന് പേരുവന്നത്. പാറയുടെ സമീപത്ത് തന്നെയാണ് കാട്ടാത്തി ഗിരിവർഗകോളനി.
കൊക്കാത്തോടിന്റെ സൗന്ദര്യ കാഴ്ചകൾ ആസ്വദിക്കുന്നതിനായി പാറയുടെ അടിവാരത്ത് സ്വകാര്യ വ്യക്തി കുടിൽ ടൂറിസം എന്ന പേരിൽ ഹോം സ്റ്റേ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |