തൃശൂർ: ഒറ്റ മുറിയുള്ള വാടകവീട്ടിൽ ഒരു ടെലിവിഷൻ എന്നെങ്കിലും കിട്ടുമെന്ന് സ്വപ്നം കണ്ടിട്ടു പോലുമില്ല, അഞ്ജലിയും അനുജത്തി വൈഗയും. അച്ഛൻ ആനപ്പാപ്പാൻ. അമ്മയ്ക്ക് ജോലിയില്ല. സ്കൂൾ തുറന്ന് എല്ലാവരും സ്മാർട്ട് ഫോണിലും ലാപ് ടോപ്പിലും ടെലിവിഷനിലുമെല്ലാം നോക്കിയിരുന്ന് പാഠങ്ങൾ പഠിക്കുന്നത് അറിഞ്ഞപ്പോൾ സഹോദരിമാരുടെ കണ്ണുനിറഞ്ഞു. ലോക്ക് ഡൗൺ കൂടിയായതോടെ ഉത്സവങ്ങളില്ലാതെ കഷ്ടപ്പാടിലായ അച്ഛൻ പേരാമംഗലം പുതുവീട്ടിൽ അഭിമന്യുവിനും അമ്മ അമ്പിളിക്കും ആ കണ്ണീർ തുടയ്ക്കാനേ കഴിഞ്ഞുളളൂ. വീട്ടിൽ ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി നെട്ടോട്ടമോടുകയായിരുന്നു അവർ.
വീട്ടുവാടക തന്നെ മൂവായിരം രൂപയോളം വേണം. പേരാമംഗലം ശ്രീദുർഗാ വിലാസം സ്കൂളിലെ വിദ്യാർത്ഥികളായ രണ്ടു പേരുടെയും വിഷമം അദ്ധ്യാപകരും മറ്റ് ചില രക്ഷിതാക്കളും അറിഞ്ഞതോടെ, വീട്ടിൽ ടെലിവിഷനില്ലാത്ത കുട്ടികൾക്കായി ഒരു ദിവസം കൊണ്ടു തന്നെ സംഭാവനയായി കിട്ടിയത്, അഞ്ച് എൽ.ഇ.ഡി ടി.വി.
സ്കൂൾ ഫേയ്സ്ബുക്ക് പേജ് വഴിയാണ് ഏതാനും പേർക്ക് ടി.വി. ഇല്ലെന്ന് ചൂണ്ടിക്കാട്ടി അഭ്യർത്ഥന നടത്തിയത്. പൂർവ വിദ്യാർഥികളും രക്ഷിതാക്കളും അഭ്യുദയ കാംക്ഷികളുമെല്ലാം ഒന്നിച്ചപ്പോൾ ഉടൻ തന്നെ ടി.വി റെഡിയായി. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ആന്റോ പത്താം ക്ലാസിലെ മിഥുന് ആദ്യ ടി.വി. നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. പന്ത്രണ്ടായിരം രൂപ വില വരുന്ന 21 ഇഞ്ചിന്റെ ടെലിവിഷനുകളാണ് വിതരണം ചെയ്തത്. സ്കൂൾ മാനേജർ എം.വി ബാബു, പി.ടി.എ പ്രസിഡന്റ് കെ.വി ഷാജു, പ്രിൻസിപ്പൽ കെ. സ്മിത, ഹൈസ്കൂൾ എം.എസ് രാജു, എൽ.പി ഹെഡ്മാസ്റ്റർ കെ. കൃഷ്ണൻ കുട്ടി എന്നിവരാണ് നേതൃത്വം നൽകിയത്.
ടി.വി ഇല്ലാത്തവരെ തേടി......
സ്കൂളിൽ ടെലിവിഷൻ ഇല്ലാത്തവരെ അന്വേഷിക്കാനുളള തീവ്രശ്രമത്തിലാണ് അദ്ധ്യാപകർ. ടി.വി. ഇല്ലാത്ത പതിനഞ്ചു പേരെ കണ്ടെത്തിയിട്ടുണ്ട്. അഞ്ച് പേർക്ക് വിതരണം ചെയ്തു. ഒരു പൂർവ വിദ്യാർത്ഥി മൂന്ന് ടി.വിയാണ് സംഭാവന നൽകിയത്. വീട്ടിൽ രണ്ട് ടി.വിയുളള ചിലർ പ്രവർത്തനക്ഷമമാക്കിയ ശേഷം സ്കൂളിലെത്തിച്ചിട്ടുണ്ട്.
.............................
ടി.വി മാത്രമല്ല, സ്കൂൾ മുറ്റത്ത് ലോക്ക്ഡൗൺ കാലത്ത് കൃഷിചെയ്ത പച്ചക്കറിയും പരിസര പ്രദേശങ്ങളിലെ നിർദ്ധനരായവർക്ക് നൽകിയിരുന്നു.
സേവാ മന്ദിരം, സാമൂഹിക അടുക്കള എന്നിവിടങ്ങളിലേക്കും പച്ചക്കറി സംഭാവന ചെയ്തു. കൃഷി ഇപ്പോഴും ചെയ്യുന്നുണ്ട്.''
പ്രധാനാധ്യാപകന്റെ ചുമതല വഹിക്കുന്ന എം.എസ് രാജു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |