തിരുവനന്തപുരം: കേരള നവോത്ഥാന ചക്രവാളത്തിലെ ആത്മീയ സൂര്യനായ ശ്രീനാരായണ ഗുരുദേവന്റെ ജീവിതമുഹൂർത്തങ്ങളും ചരിത്രഗതി മാറ്റിയ കർമ്മപഥങ്ങളും ഉൾപ്പെടുത്തി കൗമുദി ടിവി ഒരുക്കുന്ന 'മഹാഗുരു' ബിഗ് ബഡ്ജറ്റ് മെഗാ പരമ്പരയുടെ സംപ്രേഷണം ഉടൻ ആരംഭിക്കും.
ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനുശേഷം അതേ വേദിയിൽ നടക്കുന്ന ചടങ്ങിൽ 'മഹാഗുരു' വിന്റെ പ്രൊമോയുടെ ഉദ്ഘാടനം നിർവഹിക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി, ഗോകുലം ഗോപാലൻ, ബോബി ചെമ്മണ്ണൂർ തുടങ്ങിയവർ പങ്കെടുക്കും.
ഗുരുദേവനെപ്പറ്റി രചിക്കപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ, ഗുരുവിന്റെ ജനനം മുതൽ സമാധി വരെയുള്ള ചരിത്രം സത്യസന്ധതയോടെ നൂറ് എപ്പിസോഡുകളിലായി ചിത്രീകരിക്കുന്നു. അരുവിപ്പുറം പ്രതിഷ്ഠ, മരുത്വാമലയിലെ തപസ്, ക്ഷേത്ര പ്രതിഷ്ഠകൾ, എസ്.എൻ.ഡി.പി യോഗം രൂപീകരണം എന്നിവയ്ക്കൊപ്പം സ്വാമി വിവേകാനന്ദൻ, ചട്ടമ്പിസ്വാമി, തൈക്കാട് അയ്യാഗുരു, മഹാത്മാ അയ്യങ്കാളി, മഹാത്മാഗാന്ധി, ഡോ. പല്പു, രവീന്ദ്രനാഥടാഗോർ, മഹാകവി കുമാരനാശാൻ, ടി.കെ. മാധവൻ, സഹോദരനയ്യപ്പൻ, സി.വി. കുഞ്ഞുരാമൻ, വെളുത്തേരി കേശവൻ വൈദ്യർ, പെരുന്നല്ലി കൃഷ്ണൻവൈദ്യർ, മൂലൂർ എസ്. പത്മനാഭപ്പണിക്കർ, കുമ്മമ്പള്ളി രാമൻപിള്ളയാശാൻ തുടങ്ങിയവരും കഥാപാത്രങ്ങളായി വരും. കേരളത്തിനകത്തും പുറത്തുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.
കവിയും കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്ററുമായ മഞ്ചു വെള്ളായണിയുടേതാണ് തിരക്കഥയും സംഭാഷണവും. കൗമുദി ടിവി പ്രോഗ്രാംസ് ചീഫ് ഡോ. മഹേഷ് കിടങ്ങിലാണ് സംവിധാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |