പാലക്കാട്: ജില്ലയിൽ പൊടിവിത നടത്തിയ പാടങ്ങളിൽ മഴ ശക്തി പ്രാപിക്കാത്തതിനെ തുടർന്ന് വെള്ളമില്ലാത്തതിനാൽ കളശല്യം വ്യാപകം. ആലത്തൂർ മേഖലയിലെ കർഷകരാണ് കളശല്യം മൂലം കൂടുതൽ ദുരിതത്തിലായത്. കൃഷിയുടെ ആരംഭത്തിൽ പൊടിവിത നടത്തി മൂന്നു ദിവസത്തിനകം കളനാശിനി പ്രയോഗിച്ചെങ്കിലും മഴ ലഭിക്കാത്തതിനെ തുടർന്ന് കള പെരുകി.
കളയുടെ തോതനുസരിച്ചായിരിക്കും ഓരോ കർഷകനും കള പറിക്കാൻ ചെലവ് വരുക. ചുരുങ്ങിയത് ഒരു ഏക്കറിന് 15,000 രൂപയെങ്കിലും ഇതിന് മുടക്കണം. നിലവിൽ മുളച്ചുപൊന്തിയ കള നശിക്കാൻ വീണ്ടും കളനാശിനി അടിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമില്ല. പുല്ലുവർഗത്തിൽ പെട്ട കളിയാണ് വ്യാപകമായി മുളച്ചിരിക്കുന്നത്. പല്ലശന, തേങ്കുറുശി, കുനിശേരി, ചെങ്കാരം, ആലത്തൂർ എന്നിവിടങ്ങളിൽ ഭൂരിഭാഗം കർഷകരുടെയും പാടങ്ങളിൽ കള വ്യാപകമാണ്.
ലോക്ക് ഡൗണിനെ തുടർന്ന് അന്യസംസ്ഥാനക്കാർ കൂട്ടമായി മടങ്ങിയതോടെ തൊഴിലാളി ക്ഷാമം ഉണ്ടാകുമെന്നതിനാൽ മിക്ക കർഷകരും ഞാറു പാകലിന് പകരം പൊടിവിതയാണ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പരക്കെ മഴ ലഭിച്ചെങ്കിലും പാടങ്ങളിൽ വെള്ളം നിറഞ്ഞിട്ടില്ല. മഴ ശക്തമായി ലഭിച്ചാലേ പാടങ്ങളിൽ വെള്ളം നിറഞ്ഞ് കള പെരുകുന്നത് കുറയൂ.
മഴയില്ലെങ്കിൽ നഷ്ടം കൂടും
കള പറിച്ചു മാറ്റിയില്ലെങ്കിൽ വിളവ് തന്നെ പ്രതിസന്ധിയിലാകും. മിക്ക പ്രദേശങ്ങളിലും പറിച്ചു കളയേണ്ട പാകത്തിൽ കള മുളച്ചു കഴിഞ്ഞു. എന്നാൽ തൊഴിലാളി ക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും മൂലം പല കർഷകരും ദുരിതത്തിലാണ്. 300 മുതൽ 350 രൂപ വരെയാണ് തൊഴിലാളികളുടെ കൂലി.
ഇത് കൊടുക്കാൻ തയ്യാറായ കർഷകർക്ക് പോലും ആവശ്യത്തിന് ആളുകളെ കിട്ടാത്ത അവസ്ഥയാണ്. കളനാശിനി അടിക്കുകയാണെങ്കിൽ മൂന്നുദിവസമെങ്കിലും വെള്ളം കെട്ടി നിറുത്തിയാൽ മാത്രമേ ചെറിയ തോതിലെങ്കിലും കള നശിക്കൂ. ശക്തമായ മഴ ലഭിച്ചാലേ കളനാശിനി കൊണ്ട് പ്രയോജനമുള്ളൂ.
-പാണ്ടിയോട് പ്രഭാകരൻ, കർഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |