ബയോമെട്രിക് പഞ്ചിംഗ് പുനഃസ്ഥാപിക്കും
തിരുവനന്തപുരം: തുടർച്ചയായ അഞ്ചാം ദിവസവും ഇ-പോസ് മെഷീൻ തകരാറിലായതോടെ തിരുവനന്തപുരവും എറണാകുളവുമടക്കം വിവിധ ജില്ലകളിൽ റേഷൻ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു. രാവിലെ പത്തരയോടെ സെർവർ തകരാറിലായി. പന്ത്രണ്ടരയോടെയാണ് ഇത് പരിഹരിച്ചത്. പിന്നീട് കടകൾ തുറക്കാൻ വ്യാപാരികൾ തയ്യാറായില്ല. ഇൗ മാസത്തെ റേഷൻ വിഹിതത്തിന്റെ 50ശതമാനം വിതരണം പോലും നടന്നിട്ടില്ലെന്ന് അവർ പറഞ്ഞു. വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഒ.ടി.പി സംവിധാനം ഉപേക്ഷിക്കാനും പകരം ബയോമെട്രിക് പഞ്ചിംഗ് പുന:സ്ഥാപിക്കാനും ഭക്ഷ്യവകുപ്പ് തീരുമാനിച്ചെന്നാണ് വിവരം.
ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെയും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വരും ദിവസങ്ങളിലും തത്‌സ്ഥിതി തുടർന്നാൽ 22ന് പൂർണമായി കടകൾ അടച്ചിടുമെന്നും ജില്ല,താലൂക്ക് കേന്ദ്രങ്ങൾ ഉപരോധിക്കുമെന്നും സംയുക്ത സമരസമിതി നേതാക്കളായ ജോണി നെല്ലൂർ, കാടാമ്പുഴ മൂസ, ടി.മുഹമ്മദാലി, അഡ്വ:സുരേന്ദ്രൻ, ഇ.അബൂബക്കർ ഹാജി, സി.മോഹനൻ പിള്ള തുടങ്ങിയവർ അറിയിച്ചു. കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ നെറ്റ്‌വർക്ക് കമ്പനികളുമായും ഇ.പോസ് നിർമ്മാണക്കാരായ വിഷ്യൻ ടെക് കമ്പനിയുമായും ചർച്ചകൾ നടത്തി പരിഹാരമുണ്ടാക്കിയെങ്കിലും വീണ്ടും സെർവർ തകരാറിലാവുകയായിരുന്നു. കാർഡുടമ വിരൽ പതിപ്പിച്ചാലും ഇല്ലെങ്കിലും മെഷീൻ ഉപയോഗിച്ചു മാത്രമേ വ്യാപാരിക്ക് സാധനങ്ങൾ നൽകാൻ സാധിക്കൂ. നിലവിൽ വിരൽ പതിപ്പിക്കാതെ ഒ.ടി.പി വഴിയും അല്ലാതെയും റേഷൻ വിതരണം നടത്തുന്നുണ്ട്. മിക്കയിടത്തും ഒ.ടി.പി ലഭിക്കാൻ മണിക്കൂറുകൾ വെെകിയതോടെയാണ് പ്രശ്നം രൂക്ഷമായത്. കടകൾ അടച്ചിട്ടുകൊണ്ടുള്ള സമരത്തോട് യോജിപ്പില്ലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ പറഞ്ഞു. മൊബൈൽ കമ്പനികളോട് ഒരാഴ്ചക്കുള്ളിൽ നെറ്റ് വർക്ക് തകരാർ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |