
തൊടുപുഴ: ഉത്സവ- പെരുന്നാള്‍ സീസണ്‍ സജീവമായതോടെ തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഭിക്ഷാടന മാഫിയ സജീവമാകുന്നു. ആരാധനാലയങ്ങള്‍, ഫുട്പാത്തുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, തെരുവോരങ്ങള്‍, ഭക്ഷണശാലകള്‍,ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഭിക്ഷാടകരുടെ സാന്നിധ്യമുണ്ട്. മലയാളികള്‍ ഇക്കൂട്ടത്തിലില്ല എന്നതാണ് വിചിത്രം. ഭൂരിപക്ഷവും അന്യസംസ്ഥാന തൊഴിലാളികളാണ്. പകല്‍ യാചകവേഷം കെട്ടി നഗരത്തില്‍ പ്രത്യക്ഷപ്പെടുന്ന ഇവര്‍ രാത്രി കാലങ്ങളില്‍ അപ്രത്യക്ഷമാകും. അംഗവൈകല്യമുള്ള ഭിക്ഷാടകര്‍ തനിയെ എത്തുന്നതും ദുരൂഹമാണ്. സ്ത്രീകളും പുരുഷന്മാരും ചെറിയ കുട്ടികളും ഭിക്ഷാടകരിലുണ്ട്. ഇവര്‍ കുറ്റകൃത്യങ്ങളിലോ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടാല്‍ മാത്രമേ പൊലീസിനും ഇടപെടാന്‍ സാധിക്കൂവെന്നതും വെല്ലുവിളിയാണ്.
പണം തന്നെ വേണം
യാചകര്‍ക്ക് പണം മാത്രമാണ് ആവശ്യം. വസ്ത്രം, ഭക്ഷണം എന്നിവ ഭിക്ഷയായി വാങ്ങില്ല. വ്യാപാര കേന്ദ്രങ്ങളില്‍ കയറിയും പണം ആവശ്യപ്പെടും. തിരക്കേറിയ ഇടങ്ങളില്‍ വണ്ടിക്കൂലിക്ക് പണമില്ലെന്ന് പറഞ്ഞ് മാന്യന്‍മാരായി പണം തട്ടുന്നവരുമുണ്ട്. ചിലര്‍ ചായ കാശായും മരുന്നിനായും പണം ആവശ്യപ്പെടും. പിന്നീട് ഇവര്‍ ഏതെങ്കിലും മദ്യശാലകള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നത് കാണാം.
കാരുണ്യത്തിന്റെ പേരിലും തട്ടിപ്പ്
ഗ്രാമ- നഗര വ്യത്യാസമില്ലാതെ ബസ് സ്റ്റാന്‍ഡുകളിലും പ്രധാന ജംഗ്ഷനുകളിലും ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് പാട്ട് പാടി ഭിക്ഷ തേടുന്ന സംഘങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വണ്ണപ്പുറം ടൗണില്‍ മുന്‍ പഞ്ചായത്ത് അംഗം നല്‍കിയ കത്തിന്റെ കളര്‍ കോപ്പിയെടുത്ത് കടകളില്‍ കയറി പിരിവ് നടത്തിയ വ്യക്തിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
''ഭിക്ഷാടകര്‍ സജീവമാകുന്നെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും''
-സാബിറ ജലീല്‍ ( നഗരസഭ ചെയര്‍പേഴ്‌സണ്‍)
''ഭിക്ഷാടകര്‍ നഗരത്തില്‍ സജീവമാകുന്നത് പരിശോധിക്കുന്നതിനൊപ്പം അന്യസംസ്ഥാന തൊഴിലാളികള്‍ നേരിട്ട് നടത്തുന്ന പാതയോരങ്ങളിലെ കച്ചവട കേന്ദ്രങ്ങളില്‍ ആരോഗ്യ - ലഹരി പരിശോധനയും കര്‍ശനമാക്കണം''
-രാജു തരണിയില്‍ ( തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് )
''കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ ഭിക്ഷാടകര്‍ കൂട്ടത്തോടെ എത്താറുണ്ട്. ഇത് തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കണം''
-ടി.എസ്. രാജന്‍ ( ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |