തിരുവനന്തപുരം: വൈദ്യുതി ബിൽ തുക കുത്തനേ ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കെ.എസ്.ഇ.ബി തന്ത്രത്തിന് ഒടുവിൽ മുഖ്യമന്ത്രി തടയിട്ടു. വേനൽക്കാലവും ലോക്ക് ഡൗണും മൂലം ജനങ്ങളെല്ലാം വീട്ടിലിരുന്ന് വൈദ്യുതി കൂടുതൽ ഉപയോഗിച്ചെന്ന കെ.എസ്.ഇ.ബി വാദം തള്ളിയാണ് എല്ലാ വിഭാഗത്തിനും കുറവു വരുത്താൻ സർക്കാർ നിർദ്ദേശിച്ചത്.
ജനരോഷം ശക്തമായതും കൊവിഡ് കാലത്ത് നൽകിയ സാമ്പത്തിക സഹായത്തിന്റെയും ഭക്ഷ്യധാന്യ ആനുകൂല്യത്തിന്റെയുമൊക്കെ പ്രഭ മങ്ങുമെന്ന തിരിച്ചറിവുമാണ് സർക്കാരിനെ ഇതിന് പ്രേരിപ്പിച്ചത്.
ജനങ്ങൾ വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും, ബിൽതുക കുറയ്ക്കാൻ എന്ത് ചെയ്യാനാകുമെന്ന റിപ്പോർട്ടാണ് മുഖ്യമന്ത്രി ചോദിച്ചതെന്നാണ് അറിയുന്നത്. ബിൽ തുക 20 മുതൽ 40ശതമാനം കൂടിയിട്ടുണ്ടെന്നത് പരിഗണിച്ചാണ് ഇളവ് നൽകാൻ തീരമാനിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി തേടിയാണ് ഇന്നലെ അടിയന്തര യോഗം വിളിച്ച് സബ്സിഡിയുടെ കാര്യത്തിൽ കെ.എസ്. ഇ.ബി തീരുമാനമെടുത്തത്. സബ്സിഡി നൽകുന്നത് മൂലം ബോർഡിനുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |