തിരുവനന്തപുരം: നാല് മാസത്തെ വൈദ്യുതി ബിൽ ഒരുമിച്ചു കിട്ടിയതോടെ ഭീമമായ തുക കണ്ട് വട്ടംകറങ്ങിയ ഉപഭോക്താക്കൾക്ക് കെ.എസ്.ഇ.ബി സബ്സിഡിയുൾപ്പെടെ ഇളവുകൾ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 90 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്ക് പ്രയോജനം കിട്ടും. ഇതിലൂടെ 200 കോടിയുടെ അധികബാദ്ധ്യത ബോർഡിനുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ കാലയളവിലെ ബിൽ അടയ്ക്കാൻ മൂന്നു തവണകൾ അനുവദിച്ചിരുന്നത് അഞ്ചു വരെയാക്കുകയും ചെയ്തു. ബിൽ അടച്ചവർക്ക് അടുത്ത ബില്ലുകളിൽ സബ്സിഡി തുക കുറവ് ചെയ്ത് നൽകും. അടയ്ക്കാത്തവർ സബ്സിഡി കുറച്ചുള്ള തുക അടച്ചാൽ മതി.
ലോക്ക് ഡൗൺ കാലയളവിൽ മീറ്റർ റീഡിംഗ് ഒഴിവാക്കിയതിനാലാണ് നാലുമാസത്തെ ബിൽ ഒരുമിച്ച് നൽകിയത്. മൂന്നും നാലും ഇരട്ടി തുകയുടെ ബില്ലാണ് നല്ലൊരു ശതമാനത്തിനും കിട്ടിയത്. ഇതിനെതിരെ വ്യാപക പരാതി ഉയരുകയും ഹൈക്കോടതിയിൽ ഹർജി എത്തുകയും ചെയ്തു. വൈദ്യുതി ബിൽ കൊള്ളയ്ക്കെതിരെ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ സി.പി.ഐ ആവശ്യപ്പെട്ടിരുന്നു.
ഇളവ്: 40 യൂണിറ്റ് വരെ
40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് വൈദ്യുതി സൗജന്യമാണെങ്കിലും നാല് മാസത്തെ ഉപഭോഗം നോക്കിയപ്പോൾ അളവ് കൂടിയതു കാരണം ബിൽ ലഭിച്ചിരുന്നു. ഇവർക്ക് ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ സൗജന്യം അനുവദിക്കും.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് ഇപ്പോഴത്തെ ഉപഭോഗം എത്ര യൂണിറ്റായാലും 1.50 രൂപ നിരക്കിൽ ബില്ല് കണക്കാക്കും.
മറ്റുള്ളവരുടെ സബ്സിഡി
മാസം 50 യൂണിറ്റ് വരെ - വർദ്ധനയുടെ പകുതി സബ്സിഡി
100 യൂണിറ്റ് വരെ - 30% സബ്സിഡി
150 യൂണിറ്റ് വരെ - 25% സബ്സിഡി
150 യൂണിറ്റിന് മുകളിൽ- 20% സബ്സിഡി
പിശക് തിരുത്താൻ നിർദ്ദേശിച്ചു
ഫെബ്രുവരി- മേയ് മാസങ്ങളിൽ ലോക്ക് ഡൗണിൽ കുടുംബാംഗങ്ങളെല്ലാം വീടുകളിലായതോടെ വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർദ്ധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാലു മാസത്തെ ബിൽ തുക കണ്ട് പലരും അമ്പരന്നു. പ്രതിഷേധവും വന്നു. താരിഫ് ഘടനയിലോ വൈദ്യുതി നിരക്കിലോ വ്യത്യാസം വരുത്തിയിട്ടില്ല. പരാതികൾ പരിശോധിക്കാനും പിശക് തിരുത്താനും ബോർഡിനോട് നിർദ്ദേശിച്ചു. ബില്ലടയ്ക്കാൻ തവണ അനുവദിച്ചതും ബില്ലടയ്ക്കാത്തതിന് വൈദ്യുതി വിച്ഛേദിക്കേണ്ടെന്ന് തീരുമാനിച്ചതും ഇതേത്തുടർന്നാണ്.
ഉപഭോക്താക്കൾ
150 യൂണിറ്റ് വരെ മാസം : 27 ലക്ഷം
150 യൂണിറ്റിന് മുകളിൽ : 54 ലക്ഷം
100 യൂണിറ്റ് വരെ : 8 ലക്ഷം
50 യൂണിറ്റ് വരെ : 22000
40 യൂണിറ്റ് വരെ : 7000
പ്രതിമാസ ബില്ലടയ്ക്കുന്ന വൻകിടക്കാർ: 4 ലക്ഷം
ആകെ: 94 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |