തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സർക്കാർ പരിഹാരം കാണണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ മുതലെടുപ്പിന് യു.ഡി.എഫും ബി.ജെ.പിയും ശ്രമമാരംഭിച്ച സാഹചര്യത്തിൽ കരുതലോടെ ഇടപെടണമെന്ന് യോഗം നിർദ്ദേശിച്ചു. ആശങ്ക വേണ്ടെന്നും പരിശോധനാ സൗകര്യമൊരുക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതുവരെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ലെന്നാണ് സർക്കാർ നിലപാട്.
ട്രൂനാറ്റ് പരിശോധനാ സൗകര്യം ഏർപ്പെടുത്താൻ നടപടിയാരംഭിച്ചതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലും അറിയിച്ചിരുന്നു.
കൊവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞ ആൾക്കുപോലും അടുത്ത നിമിഷത്തിൽ രോഗം പകരാം. വിമാനയാത്രകളിൽ അതിനുള്ള സാദ്ധ്യത കൂടുതലാണെന്ന വിദഗ്ദ്ധോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
തീരുമാനം തെറ്റായി വ്യാഖ്യാനിച്ച് പ്രതിപക്ഷം മുതലെടുക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം വിലയിരുത്തി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുതലോടെ ഇടപെടണമെന്നും പാർട്ടി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |