ന്യൂഡൽഹി: ഐ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുൻപ് രണ്ടുതവണ ലോക്‌സഭാംഗമായിരുന്ന വേണുഗോപാൽ ആദ്യമായാണ് രാജ്യസഭയിൽ എത്തുന്നത്.
കെ.സി. വേണുഗോപാൽ ജയിച്ചതോടെ രാജസ്ഥാനിൽ നിന്നുള്ള മലയാളി രാജ്യസഭാംഗങ്ങളുടെ എണ്ണം രണ്ടായി. ബി.ജെ.പിയുടെ അൽഫോൺസ് കണ്ണന്താനമാണ് മറ്റൊരാൾ. മഹാരാഷ്‌ട്രയെ പ്രതിനിധീകരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളി രാജ്യസഭാംഗങ്ങൾ ഇതോടെ മൂന്നായി.
കണ്ണൂർ സ്വദേശിയായ കെ.സി. വേണുഗോപാൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ പദവികൾ വഹിച്ചിരുന്നു. 1992 മുതൽ 2000 വരെ തുടർച്ചയായി എട്ടു വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായിരുന്നു. 1996 മുതൽ തുടർച്ചയായി മൂന്നു തവണ ആലപ്പുഴയിൽ നിന്ന് നിയമസഭാംഗമായി. 2004-06ൽ ഉമ്മൻചാണ്ടി സർക്കാരിൽ ടൂറിസം, ദേവസ്വം മന്ത്രിയായി. 2009ൽ ആലപ്പുഴയിൽ നിന്നാണ് ലോക്‌സഭയിലെത്തുന്നത്. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ഊർജ്ജ, വ്യോമയാന വകുപ്പുകളിൽ സഹമന്ത്രിയായിരുന്നു.
2014ൽ ആലപ്പുഴയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.സി. വേണുഗോപാൽ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. തുടർന്നാണ് രാജ്യസഭാ അരങ്ങേറ്റം. ഭാര്യ: ഡോ.കെ.ആശ, (ധനുവച്ചപുരം എൻ.എസ്.എസ് കോളേജ് അദ്ധ്യാപിക) മക്കൾ: ഗോകുൽ, പാർവ്വതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |