പ്രിയപ്പെട്ട സച്ചി,
ധാരാളം സന്ദേശങ്ങൾ വന്നിട്ടുണ്ട്. ഒരുപാട് ഫോൺകാളുകളും. ഞാനെങ്ങനെ പിടിച്ചുനിൽക്കുന്നുവെന്നാണ് എന്നോട് ചോദിക്കുന്നത്. എല്ലാവരും എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. പക്ഷേ ഭൂരിഭാഗം പേരും പറഞ്ഞ ഒരു കാര്യത്തെ ഞാൻ നിശബ്ദം എതിർത്തു. നിങ്ങൾ വളരെ ഉയരത്തിലിരിക്കെ പോയി എന്ന്. നിങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും അറിയാവുന്ന ഒരാളെന്ന നിലയിൽ അയ്യപ്പനും കോശിയും നിങ്ങളുടെ ഉന്നതം ആയിരുന്നില്ലെന്ന് എനിക്കറിയാം. നിങ്ങൾ എന്നും ആഗ്രഹിച്ചതിന്റെ തുടക്കം മാത്രമായിരുന്നു അത്. നിങ്ങളുടെ മുഴുവൻ സിനിമാജീവിതവും ഒരു ബിന്ദുവിലേക്ക് എത്താനുള്ള യാത്രയായിരുന്നു, അവിടെവച്ച് നിങ്ങൾ സ്വതന്ത്രമാക്കപ്പെടുമായിരുന്നു. എനിക്കറിയാം.
പറയാതെപോയ ഒരുപാട് കഥകൾ, പൂർത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങൾ. പാതിരാവരെനീണ്ട വിവരണങ്ങൾ, വാട്സ് ആപ്പ് ശബ്ദസന്ദേശങ്ങൾ. നിരവധി ഫോൺകാളുകൾ. മുന്നോട്ടുള്ള വർഷങ്ങൾക്കായി നമ്മൾ മികച്ചൊരു പദ്ധതി തയ്യാറാക്കി. എന്നിട്ട് നിങ്ങൾ പോയി.
സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടും വരാനിരിക്കുന്ന സിനിമാജീവിതവും മറ്റാരോടെങ്കിലും അത്ര വിശ്വാസത്തോടെ നിങ്ങൾ പങ്കുവച്ചിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ എന്നിൽ ആ വിശ്വാസം നിങ്ങൾക്കുണ്ടായിരുന്നു. മലയാളസിനിമയുടെ അടുത്ത 25 വർഷങ്ങളും എന്റെ ബാക്കിയുള്ള കരിയറും നിങ്ങളുണ്ടായിരുന്നെങ്കിൽ തികച്ചും വ്യത്യസ്തമായേനെയെന്ന് എനിക്കറിയാം. സിനിമയെക്കുറിച്ച് മറക്കൂ. നിങ്ങൾ അടുത്തുണ്ടായിരിക്കാൻ എന്റെ എല്ലാ സ്വപ്നങ്ങളും വിൽക്കാൻ തയ്യാറാണ്. ആ ശബ്ദസന്ദേശങ്ങൾ ഒരിക്കൽക്കൂടി കിട്ടാൻ. നമ്മൾ ഒരുപോലെയാണെന്ന് നിങ്ങളെപ്പോഴും പറയാറുണ്ടായിരുന്നു. അതെ, നമ്മൾ അങ്ങനെയാണ്. പക്ഷേ, ഈ നിമിഷത്തിൽ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അനുഭവിക്കുന്നതിൽ നിന്ന് വ്യത്യസ്തമായിരിക്കണം നിങ്ങൾ അനുഭവിക്കുന്നതെന്ന്. ഇത്രയധികം ദു:ഖം ഇതിനുമുമ്പ് ഞാൻ അനുഭവിച്ചത് മറ്റൊരു ജൂണിലാണ്, 23 വർഷങ്ങൾക്ക് മുമ്പ്. എന്റെ അച്ഛൻ പോയപ്പോൾ...
നിങ്ങളെ അറിയുക എന്നത് ഒരു അനുഗ്രഹമായിരുന്നു സച്ചി. എന്റെ ഒരു ഭാഗം നിങ്ങൾക്കൊപ്പം ഇന്ന് പോയി. ഈ നിമിഷം മുതൽ നിങ്ങളെ ഓർക്കുകയെന്നാൽ എന്റെ ആ ഒരു ഭാഗത്തെക്കുറിച്ച് ഓർക്കുകയെന്ന് കൂടിയാണ്. നന്നായി വിശ്രമിക്കൂ സഹോദരാ, നന്നായി വിശ്രമിക്കൂ, പ്രതിഭാശാലി. മറ്റേയറ്റത്ത് വച്ച് കാണാം. സാൻഡൽവുഡ് കഥയുടെ ക്ളൈമാക്സ് നിങ്ങളിതുവരെ എന്നോട് പറഞ്ഞില്ല.
തയ്യാറാക്കിയത്
സി.മീര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |