ന്യൂഡൽഹി: നദിയുടെ കുത്തൊഴുക്കിൽപ്പെട്ട് ഒഴുകിപ്പോയ വധൂവരന്മാരെ നാട്ടുകാർ രക്ഷിച്ചു. ജീവൻ പണയംവച്ച് ഇവരെ രക്ഷപ്പെടുത്തുന്നവരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഝാർഖണ്ഡിലെ പലാമുവിൽ ഞായറാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.
വിവാഹം കഴിഞ്ഞ് വധുവിന്റെ വീട്ടിലേയ്ക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ നിറഞ്ഞൊഴുകുകയായിരുന്ന നദിയിലേക്ക് പാലത്തിൽ നിന്ന് കാർ വീഴുകയായിരുന്നു. അര കിലോമീറ്ററോളം ദൂരം കാർ ഒഴുകിപ്പോയി.കാറിലുണ്ടായിരുന്നവർ പുറത്തുകടക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാതി മുങ്ങിയ നിലയിൽ കാർ നദിയിലൂടെ ഒഴുകുന്നത് കണ്ട നാട്ടുകാരിൽ ചിലർ നദിയിലേക്ക് ചാടി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു.
ഏറെ പണിപ്പെട്ട് കാറിന്റെ ചില്ലുകൾ തകർത്താണ് വധൂവരന്മാരെ പുറത്തെടുത്തത്. വടം കെട്ടിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. തുടർന്ന് കാറും കരയിലേക്ക് അടുപ്പിച്ചു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമീപത്തുണ്ടായിരുന്നവർ പകർത്തിയ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |