ആരോപണവുമായി മാതാപിതാക്കൾ
കൊച്ചി: പാലക്കാട് വാളയാറിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികളുടെ സഹോദരനെ അജ്ഞാതസംഘം പിന്തുടർന്ന് ഭീഷണിപ്പെടുത്തുന്നതായി മാതാപിതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പെൺകുട്ടികളുടെ മരണശേഷം പട്ടികജാതി വികസനവകുപ്പിന്റെ വാളയാറിലെ ഹോസ്റ്റലിൽ താമസിപ്പിച്ചിരുന്ന പന്ത്രണ്ടുകാരൻ സഹോദരനെ അന്വേഷിച്ച് ഹെൽമെറ്റ് ധരിച്ച രണ്ടുപേർ ബൈക്കിലെത്തിയിരുന്നു. അവർ ഇപ്പോഴും പിന്തുടരുകയാണ്. ഏതാനും മാസം മുമ്പ് പുലർച്ചെ നാലിന് ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്നെത്തിയ സംഘം "വാളയാറിൽ മരിച്ച പെൺകുട്ടികളുടെ സഹോദരൻ ഇവിടെയുണ്ടോ" എന്ന് അന്വേഷിച്ച് മടങ്ങി. മൂത്ത പെൺകുട്ടിയുടെ ദുരൂഹമരണത്തിൽ ഏക സാക്ഷിയായിരുന്ന ഇളയപെൺകുട്ടി അന്നുതന്നെ സംഭവത്തെക്കുറിച്ച് സഹോദരനോട് വെളിപ്പെടുത്തിയിരുന്നു. ദൃക്‌സാക്ഷി മരണമടഞ്ഞതിനാൽ കേസിൽ പുനരന്വേഷണമുണ്ടായാൽ സഹോദരന്റെ മൊഴി നിർണായകമാകും.
ഹോസ്റ്റലിലെത്തിയ അജ്ഞാതസംഘത്തെക്കുറിച്ച് അന്നുതന്നെ പൊലീസിലറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. രണ്ട് മക്കൾ നഷ്ടപ്പെട്ട തങ്ങൾക്ക് നീതി ലഭിച്ചില്ല. കുടുംബത്തിൽ അവശേഷിക്കുന്ന ആൺകുട്ടിയെക്കൂടി അപായപ്പെടുത്താൻ ശ്രമിക്കുന്നു. കൊവിഡ് കാലമായതിനാൽ സ്കൂളിൽ പോകാനാവാതെ വീട്ടിലിരിക്കുന്ന കുട്ടിയെ സംരക്ഷിക്കാൻ കൂലിപ്പണിക്കുപോലും പോകാതെ ഒരാൾ കാവലിരിക്കുകയാണ്. നിർഭയയുടെ മാതാവിനെപ്പോലെ നീതിതേടി തെരുവിലേക്കിറങ്ങുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു. ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം ഭാരവാഹികളായ സി.ആർ. നീലകണ്ഠൻ, അനിത ഷിനു, വി.എം. മാർസൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പീഡനക്കേസ് ഏറ്റെടുക്കാൻ
പൊലീസ് നിർബന്ധിച്ചു
മക്കളുടെ ദുരൂഹമരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നിർബന്ധിച്ചതായി വാളയാർ പെൺകുട്ടികളുടെ പിതാവ് പറഞ്ഞു. കുറ്റം ഏറ്റെടുത്താൽ ശിക്ഷ കിട്ടാതെ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്നും ഉദ്യോഗസ്ഥൻ ഉറപ്പുനൽകിയിരുന്നു. ഭാര്യയോടുപോലും ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |