തിരുവനന്തപുരം: പ്രത്യേക ജീവനോപാധി പദ്ധതി പ്രകാരമുള്ള 250 കോടി രൂപയുടെ പ്രവർത്തനങ്ങൾ സ്പിൽ ഓവർ പ്രോജക്ടുകളായി ഏറ്റെടുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി. പ്രോജക്ടുകൾ അംഗീകരിക്കുന്നത് വൈകിയതിനാലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാലും ഇതിനായുള്ള തുക വിനിയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്പിൽ ഓവർ പ്രോജക്ടുകളായി പ്രത്യേക ജീവനോപാധി പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾക്ക് ബഡ‌്ജറ്റ് വിഹിതത്തിനു പുറമേ ഈ തുക വിനിയോഗിക്കാൻ അനുവാദം നൽകിയത്.
2018 ൽ പ്രളയം സാരമായി ബാധിച്ച ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും പ്രത്യേക വിഹിതം നൽകുന്നതിനു വേണ്ടിയാണ് ഈ തുക അനുവദിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച പ്രത്യേക വിഹിതം വകയിരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ ഏറ്റെടുത്തതും നിർവഹണം പൂർത്തീയാകാത്തതുമായ പ്രോജക്ടുകൾ സ്പിൽ ഓവർ പ്രോജക്ടുകളായി ഏറ്റെടുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കഴിയും. പ്രകൃതി ദുരന്തത്താൽ ജീവനോപാധി മാർഗം ഇല്ലാതായ കുടുംബങ്ങൾക്കും വ്യക്തികൾക്കും തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനു വേണ്ടിയാണിത് വിനിയോഗിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |