തിരുവനന്തപുരം:പ്രവാസികൾ കൂട്ടത്തോടെ തിരിച്ചെത്തുകയും സമ്പർക്കവ്യാപനം കൂടുകയും ചെയ്ത സാഹചര്യത്തിൽ ശക്തമായ പ്രതിരോധത്തിലൂടെ രോഗവ്യാപനം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. നിത്യേന 50 ചാർട്ടർ വിമാനങ്ങളെത്തുന്നു. ആയിരത്തിലേറെ വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുമുണ്ട്. വന്ദേഭാരത് ദൗത്യത്തിൽ ജൂലായ് 15വരെ 94വിമാനങ്ങൾ കൂടി കേരളത്തിൽ എത്തും. അടുത്ത മൂന്ന് ദിവസങ്ങളിൽ നൂറ് ചാർട്ടേഡ് വിമാനങ്ങളും മുപ്പത് വന്ദേഭാരത് വിമാനങ്ങളുമെത്തും. എല്ലാത്തിലുമായി രണ്ടുലക്ഷത്തിലേറെ പ്രവാസികളാണ് വരുന്നത്. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിലെ പരിശോധനയും ക്വാറന്റൈനും കർശനമാക്കും.
ആരോഗ്യവകുപ്പിന്റെ നൂറുദിന പദ്ധതിയുടെ വിലയിരുത്തലിൽ ജൂൺ അവസാനം 169രോഗികളുണ്ടാവുമെന്നായിരുന്നു കണക്ക്. പക്ഷേ, ഇന്നലെ 195രോഗികളാണുണ്ടായത്. ഇതിൽ 118പേർ വിദേശത്തുനിന്നെത്തിയവർ. സമ്പർക്കത്തിലൂടെ രോഗവ്യാപനം തടഞ്ഞില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
വിമാനത്താവളങ്ങളിൽ 14,800കിറ്റുകൾ എത്തിച്ച് വേഗത്തിൽ ഫലമറിയാവുന്ന ആന്റിബോഡി പരിശോധന ശക്തമാക്കും.പോസിറ്റീവാകുന്നവരെ കൊവിഡ് കെയർ സെന്ററിലേക്കും അല്ലാത്തവരെ ക്വാറന്റൈനിലേക്കും അയയ്ക്കും. ക്വാറന്റൈനിലുള്ളവർക്ക് രോഗലക്ഷണമുണ്ടായാൽ ആശുപത്രിയിലാക്കും. വീടുകളിൽ ക്വാറന്റൈനിലുള്ളവർ പുറത്തിറങ്ങുന്നത് കർശനമായി തടയും. പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും. ക്വാറന്റൈൻ ലംഘിച്ചാൽ കേസെടുക്കും.
നിത്യേന ആയിരം രോഗികളെത്തിയാലും നിലവിലെ ചികിത്സാസൗകര്യങ്ങൾ പര്യാപ്തമാവും. എന്നാൽ രോഗവ്യാപന നിരക്ക് മൂന്നാവുകയും പത്ത് ശതമാനം രോഗികളെ 28ദിവസം കിടത്തി ചികിത്സിക്കേണ്ടി വരികയും ചെയ്താൽ സൗകര്യങ്ങൾ തികയാതെവരും. നെഗറ്റീവാകാത്തവരെയും പത്തുദിവസത്തിനു ശേഷം ഡിസ്ചാർജ് ചെയ്യേണ്ടിവരും. വിദേശത്തു നിന്നും സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരിൽ 18,000 പേർക്ക് ആഗസ്റ്റോടെ രോഗബാധയുണ്ടാവുമെന്നും ഇവരിൽ 150 പേർ മരിക്കാമെന്നുമാണ് സർക്കാരിന്റെ കണക്ക് . ആരോഗ്യപ്രവർത്തകർ, പൊലീസ്, വോളണ്ടിയർമാർ, വിതരണ ശൃംഖലയിലെ ആളുകൾ തുടങ്ങിയ ഹൈ-കോണ്ടാക്ട് വിഭാഗത്തിലെ രണ്ടായിരം പേരിൽ ഒരാളെങ്കിലും രോഗിയായേക്കാമെന്നത് സമൂഹവ്യാപനത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
ഇതാണ് പ്രശ്‌നം
1)പ്രവാസികൾക്ക് ആന്റിബോഡി പരിശോധനയാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച ശേഷമുണ്ടാവുന്ന ഐ. ജി. എം, ഐ.ജി.ജി ആന്റി ബോഡികളാണ് പരിശോധിക്കുക.
2) ആന്റി ബോഡികൾ കണ്ടെത്തിയാൽ രോഗം ഉറപ്പിക്കാൻ പി.സി.ആർ ടെസ്റ്റും നടത്തും. ആന്റിബോഡി കാണാത്തവരിൽ രോഗമില്ലെന്ന് ഉറപ്പിക്കാനാവില്ല.
3)വൈറസ് ശരീരത്തിലുണ്ടെങ്കിലും രോഗലക്ഷണം കാണുന്നത് വരെയുള്ള സമയത്ത് പരിശോധന നടത്തിയാൽ ഫലം നെഗറ്റീവായിരിക്കും. അതിനാൽ ക്വാറന്റൈൻ കർശനമാക്കണം.
വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്നവരിലെ രോഗക്കണക്ക്
താജിക്കിസ്ഥാൻ-19.58
റഷ്യ-9.72
നൈജീരിയ-6.75
കുവൈറ്റ്-6.20
ജിബൂട്ടി-3.95
കസാഖ്സ്ഥാൻ-3.7
ഇറ്റലി-2.89
സൗദി-1.64
ഖത്തർ-1.5
ജോർദ്ദാൻ-1.41
ഒമാൻ-073
ബഹറിൻ-0.51
ആപത്തിന്റെ തോത് വർദ്ധിക്കുകയാണെന്ന് തിരിച്ചറിയണം. സുരക്ഷയിൽ വീഴ്ചപാടില്ല, ജാഗ്രത ശക്തമാക്കണം.
-പിണറായി വിജയൻ
മുഖ്യമന്ത്രി
91%
രോഗികളും വിദേശത്തോ അന്യസംസ്ഥാനത്തോ നിന്നെത്തുന്നതാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |