തിരുവനന്തപുരം: കാറ്റുവീഴ്ച വന്ന തെങ്ങ് മുറിച്ചുകളയരുതേ. ആയുർവേദ ചികിത്സ നടത്തി ആരോഗ്യം വീണ്ടെടുക്കാം.
നെയ്യാറ്റിൻകര സ്വദേശി ജയകുമാർ തയ്യാറാക്കിയ മരുന്ന് പരീക്ഷിച്ചു ബോധ്യം വരുത്തിയത് നിയമസഭാ വളപ്പിലെ തെങ്ങുകളിൽ. മണ്ണ് നീക്കി വേരിലൂടെയാണ് മരുന്ന് നൽകുന്നത്. നൂറോളം തെങ്ങുകളിൽ വിജയം കണ്ടതായി പത്രപ്രവർത്തകൻ കൂടിയായ വൈ.എസ്. ജയകുമാർ പറയുന്നു.
ആറ് മാസം മുമ്പ് നിയമസഭാ വളപ്പിലെ രോഗം ബാധിച്ച തെങ്ങുകൾ മുറിക്കാനൊരുങ്ങുമ്പോഴാണ് നിയമസഭയിലെ കൃഷി ഓഫീസർ ഷെല്ലിയുമായി ജയകുമാർ ആശയം പങ്കുവച്ചത്. ഫലം കണ്ടില്ലെങ്കിൽ നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പും കൊടുത്തു. മൂന്ന് മാസത്തിനുള്ളിൽ
തെങ്ങുകളിൽ മാറ്റം വന്നതായി ഷെല്ലി സാക്ഷ്യപ്പെടുത്തുന്നു. നാമ്പുകൾ തളിർക്കുകയും കായ്ക്കുകയും ചെയ്തു. രോഗം ബാധിച്ച മറ്റു തെങ്ങുകൾക്കും മരുന്ന് നൽകി. പിന്നാലെ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഭിനന്ദനം.
നാട്ടുവൈദ്യത്തിൽ പ്രാവീണ്യമുള്ള ജയകുമാർ നാല് വർഷത്തോളം നീണ്ട പരീക്ഷണത്തിലൂടെയാണ് മരുന്ന് വികസിപ്പിച്ചത്. സ്വന്തം കൃഷിയിടത്തിലായിരുന്നു ആദ്യ പരീക്ഷണം.
മുഖം തിരിച്ച് ശാസ്ത്രജ്ഞർ
മരുന്നിന് അംഗീകാരം തേടി പല സർവകലാശാലകളിലും കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒരുപാട് ഗവേഷണങ്ങൾ ചെയ്യാനുണ്ടെന്നും സമയമില്ലെന്നും പറഞ്ഞ് കൈയൊഴിഞ്ഞു. ശാസ്ത്രലോകത്തിന്റെ അംഗീകാരം ഉണ്ടെങ്കിലേ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാൻ അനുമതി ലഭിക്കൂ. സർക്കാർ ഇടപെട്ടാൽ, ഒരു പക്ഷെ, സംസ്ഥാനത്തിന് അഭിമാന നേട്ടമാവും.
വൃക്ഷായൂർവേദം
ബുദ്ധമതക്കാർ പ്രചരിപ്പിച്ച ചികിത്സരീതി. ആയുർവേദ ഗ്രന്ഥങ്ങളിലെ പരാമർശങ്ങളാണ് ജയകുമാറിന് വഴികാട്ടിയായത്.15 വർഷം മുൻപ് സമീപത്തെ ഒരു വൈദ്യനിൽ നിന്നാണ് നാട്ടുചികിത്സ പഠിച്ചത്. ചേരുവ 25 ഓളം പച്ചമരുന്നുകൾ. അരിഷ്ട രൂപത്തിൽ തയ്യാറാക്കാൻ ഒരു മാസത്തോളമെടുക്കും. അരിഷ്ടമായതിനാൽ അനുമതിയില്ലാതെ സൂക്ഷിക്കാനുമാകില്ല.
ജയകുമാറിന്റെ ഫോൺ: 9447851096
കാറ്റുവീഴ്ച
വേരു ചീയൽ കാരണം തെങ്ങിന്റെ ആരോഗ്യം നശിക്കുകയും ഉത്പാദനം നിലയ്ക്കുകയും ചെയ്യുന്ന രോഗം. ഫൈറ്റോ പ്ലാസ്മ എന്ന രോഗാണുവാണ് കാരണം. ഓലയ്ക്കാലുകൾ ഉള്ളിലേക്കു വളയുക, ഓലകൾ മഞ്ഞനിറമാകുക എന്നിവയാണ് ലക്ഷണം. തെങ്ങ് നശിക്കുകയും വീഴുകയും ചെയ്യും.
300 കോടി നഷ്ടം
കാറ്റുവീഴ്ച കാരണം പ്രതിവർഷം സംസ്ഥാനത്തിന് 300 കോടിയിലേറെ രൂപയുടെ നാളീകേര നഷ്ടം.
വൃക്ഷായുർവേദ മരുന്ന് നൽകിയ തെങ്ങുകളുടെ രോഗം മാറി. നല്ല കായ്ഫലവും ലഭിച്ചു തുടങ്ങി.
മരുന്ന് വിശദമായ ഗവേഷണങ്ങൾക്ക് വിധേയമാക്കേണ്ടതാണ്.
-ഷെല്ലി
കൃഷി ഓഫീസർ
നിയമസഭാ ഗാർഡൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |