കണ്ണൂർ: കമ്മ്യൂണിസ്റ്റുകാരൻ എന്ന് മുദ്രകുത്തി കുമാരനെ പട്ടാളത്തിൽ നിന്നു പുറത്താക്കിയിട്ട് 55 വർഷമായി. അന്നും ഇന്നും ഒറ്റ ആഗ്രഹമേയുള്ളൂ പി.പി. കുമാരന്. തന്നെ സൈനികനായി അംഗീകരിക്കണം. നഷ്ടപരിഹാരവും കിട്ടണം. അതിനുവേണ്ടിയുള്ള യുദ്ധത്തിനും അത്രയും പഴക്കമുണ്ട്. ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി നേടിയെടുക്കാനായെങ്കിലും നടപ്പിലായില്ല. ഇപ്പോൾ 78 വയസ് കഴിഞ്ഞു.
മദ്ധ്യപ്രദേശിലെ ജബൽപൂരിൽ സിഗ്നലിൽ ടെക്നിക്കൽ ഡ്രൈവറായാണ് നിയമനം കിട്ടിയത്. പരിശീലനം തുടങ്ങി നാലര മാസം കഴിഞ്ഞതേയുള്ളൂ. അതിനിടെ ഉന്നത ഉദ്യോഗസ്ഥൻ കുമാരനെ ഓഫീസിലേക്ക് വിളിപ്പിച്ചു.
'തുമേ ഛോഡ്‌നെ കാ ഓർഡർ ആയാ'.
'ഗാവ് മെ തും ബഡാ കമ്മ്യൂണിസ്റ്റ് വർക്കർ',
പിരിച്ചു വിടാനുള്ള ഉത്തരവ് കുമാരന്റെ കൈയിൽ കിടന്നു വിറച്ചു.
ഇരുപത്തിരണ്ടാമത്തെ വയസിൽ പട്ടാളക്കാരനാവുക എന്ന മോഹത്തോടെ വീട്ടുകാരറിയാതെ പോയതാണ്. അക്കാലത്ത് കമ്മ്യൂണിസത്തോട് ചെറിയ പ്രേമമുണ്ടായിരുന്നു എന്നതൊഴിച്ച് മറ്റൊരു പാർട്ടിബന്ധവും ഉണ്ടായിരുന്നില്ല. എന്തിനാണ് പരിച്ചുവിട്ടത് എന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരം കിട്ടിയിട്ടുമില്ല.
144 ദിവസത്തെ സേവനത്തിനുശേഷം നാട്ടിലെത്തിയ കുമാരൻ ജീവിക്കാനായി പല യുദ്ധങ്ങളും നടത്തി. ബീഡിത്തൊഴിലാളിയായി, പത്രവില്പനക്കാരനായി. അങ്ങനെ ചെയ്യാവുന്ന ജോലികളൊക്കെ ചെയ്തു. ഒരു സഹകരണ സംഘത്തിൽ നിന്ന് വിരമിച്ച ഭാര്യ രമയും കുമാരനും പരസ്പരം ഊന്നുവടികളായി കണ്ണൂർ തിലാന്നൂരിലെ വീട്ടിൽ കഴിയുകയാണിപ്പോൾ. മക്കളില്ല.
നിയമയുദ്ധം ഇങ്ങനെ:
പിരിച്ചുവിട്ടതു മുതൽ പരിഹാരംതേടി ഉന്നത ഉദ്യോഗസ്ഥരുമായി കത്തിടപാടുകൾ നടത്തിയിരുന്നു. ചിലതിന് കിട്ടിയ മറുപടിയിൽ പ്രതീക്ഷയോടെ കാത്തിരുന്നു. പ്രധാനമന്ത്രിമാർക്കും മുഖ്യമന്ത്രിമാർക്കും പലതവണ അപേക്ഷ നൽകി. ഒന്നും നടക്കാതായപ്പോൾ, 1996ൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കുമാരന്റെ രേഖകൾ നശിപ്പിക്കപ്പെട്ടുവെന്ന സൈനിക അധികൃതരുടെ മറുപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പിരിച്ചുവിടൽ കോടതി റദ്ദാക്കിയെങ്കിലും കുമാരന് ഒന്നും കിട്ടിയില്ല. 2015ലും 17ലും വീണ്ടും കേസ് ഫയൽ ചെയ്തു. പട്ടാളത്തിൽ തിരിച്ചെടുക്കാനുള്ള പ്രായപരിധി കഴിഞ്ഞ സാഹചര്യത്തിൽ നഷ്ടപരിഹാരം മുഴുവൻ നൽകണമെന്ന് ഹൈക്കോടതി വിധിച്ചു. എന്നിട്ടും കുമാരന് ചില്ലിക്കാശ് പോലും കിട്ടിയില്ല. ഇപ്പോഴും കുമാരൻ രേഖകളുമായി ഓഫീസുകൾ കയറിയിറങ്ങുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |