കൊച്ചി: മലയാളസിനിമയിൽ വളർന്നു വരുന്നവരെ ഇല്ലാതാക്കുന്ന സംഘം ഉണ്ടെന്ന ആരോപണങ്ങൾ ആവർത്തിച്ച് യുവനടൻ നീരജ് മാധവ് അമ്മ സംഘടനയ്ക്ക് കത്ത് നൽകി.
നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ഫെഫ്കയുടെ ആവശ്യപ്രകാരം അമ്മ വിശദീകരണം ചോദിച്ചതിന് മറുപടിയായാണ് കത്ത്. ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും ആരെയും വ്യക്തിപരമായി ആക്ഷേപിക്കാനല്ലെന്നും തന്റെ അറിവിലുള്ള കാര്യങ്ങൾ പങ്കുവയ്ക്കുകയാണെന്നും നീരജ് പറഞ്ഞു.
നീരജിന്റെ മറുപടി ലഭിച്ച ശേഷം ഫെഫ്ക, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയന് കത്തയച്ചു. ആരെയും പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും അനുഭവങ്ങളുണ്ടായെന്ന് ആവർത്തിച്ച സാഹചര്യത്തിൽ ആത്മവിമർശനപരമായി നോക്കികാണാൻ അംഗങ്ങളെ പ്രേരിപ്പിക്കണം. നടനോ നടിക്കോ സാങ്കേതിക പ്രവർത്തകനോ വിവേചനം നേരിടുന്ന സാഹചര്യം മലയാള സിനിമയിൽ ഉണ്ടാകരുത്. ഈ വിഷയത്തിൽ ക്രിയാത്മകമായ ഇടപെടൽ വേണമെന്നും ഫെഫ്ക യൂണിയനോട് ആവശ്യപ്പെട്ടു. ഇതേവിഷയം ചൂണ്ടിക്കാട്ടി സംവിധായകരുടെയും എഴുത്തുകാരുടെയും യൂണിയനുകൾക്ക് കത്ത് നൽകുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അയച്ച കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |