
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന് തയ്യാറെടുക്കുകയാണ്. അസാമിലെ ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കാണ് ആദ്യ സര്‍വീസ്. ഈ വര്‍ഷം തന്നെ 12 പുതിയ ട്രെയിനുകള്‍ കൂടി രംഗത്തിറക്കുമെന്നും ഇതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നും സൂചനകളുണ്ട്. തിരുവനന്തപുരം - ബംഗളൂരു, തിരുവനന്തപുരം - ചെന്നൈ റൂട്ടുകളാണ് കേരളത്തിന് അനുവദിക്കുന്ന ട്രെയിനുകള്‍ക്കായി പരിഗണിക്കുന്നത്. ഇപ്പോഴിതാ വന്ദേഭാരത് സ്ലീപ്പറിന്റെ ടിക്കറ്റ് നിരക്ക് സംബന്ധിച്ചും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്.
ഒരേ സമയം 823 പേര്‍ക്കാണ് ഈ അത്യാധുനിക ട്രെയിനില്‍ യാത്ര ചെയ്യാന്‍ സൗകര്യം ഉണ്ടായിരിക്കുക. പൂര്‍ണമായും ശീതീകരിച്ച കോച്ചുകള്‍ മാത്രമുള്ള ട്രെയിനില്‍ തേഡ് എസി, സെക്കന്‍ഡ് എസി, ഫസ്റ്റ് എസി കമ്പാര്‍ട്ട്‌മെന്റുകളാണ് ഉണ്ടായിരിക്കുക. ഇതില്‍ 611 ടിക്കറ്റുകളും തേഡ് എ.സിയില്‍ ആയിരിക്കും. സെക്കന്‍ഡ് എ.സിയില്‍ 188 പേര്‍ക്കും ഫസ്റ്റ് എസിയില്‍ 24 പേര്‍ക്കും യാത്ര ചെയ്യാം. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രാ നിരക്കുകളുടെ ഏകദേശ സൂചനയാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്നത്.
തിരുവനന്തപുരം ബംഗളൂരു റൂട്ടില്‍ തേഡ് എസിയില്‍ ഭക്ഷണം ഉള്‍പ്പെടെ 2300 രൂപയായിരിക്കും നിരക്ക്. സെക്കന്‍ഡ് എ.സിയില്‍ ഇത് 3000 രൂപയും ഫസ്റ്റ് എ.സിയില്‍ 3600 രൂപയുമായിരിക്കും നിരക്ക്. അന്തിമ നിരക്ക് പ്രഖ്യാപനത്തില്‍ നേരിയ വ്യത്യാസമുണ്ടായേക്കാമെന്നാണ് സൂചന. മദ്ധ്യ കേരളത്തില്‍ നിന്ന് നിരവധിപേര്‍ തൊഴില്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ജീവിക്കുന്ന നഗരമാണ് ബംഗളൂരു. അതുകൊണ്ട് തന്നെ കോട്ടയം റൂട്ട് വഴിയുള്ള സര്‍വീസിന് ആയിരിക്കും മുന്‍ഗണന.
സമയവും ലാഭിക്കാം
വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിച്ചാല്‍ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ രണ്ടര മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ കുറവ് സംഭവിക്കും. 858 കിലോമീറ്റര്‍ ആണ് കോട്ടയം വഴിയുള്ള തിരുവനന്തപുരം - ബംഗളൂരു റൂട്ടിലെ ആകെ ദൂരം. നിലവില്‍ പകല്‍ സമയത്ത് സര്‍വീസ് നടത്തുന്ന കൊച്ചി - ബംഗളൂരു വന്ദേഭാരത് ചെയര്‍ കാര്‍ എട്ടര മണിക്കൂര്‍ ആണ് ഓടാനെടുക്കുന്ന സമയം. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തേക്ക് 12 മണിക്കൂറില്‍ താഴെ മാത്രം സമയം എടുത്തുകൊണ്ട് എത്താന്‍ സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |