കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ 18 യുവതികളെ തട്ടിപ്പിനിരയാക്കിയതായി കണ്ടെത്തി. യുവതികളുടെ മൊഴിയെടുക്കുന്ന മുറയ്ക്ക് കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യും. ഷംനയെ ഭീഷണിപ്പെടുത്തിയ ഒമ്പതംഗ പ്രൊഫഷണൽ ക്രിമിനൽ സംഘത്തിലെ ഏഴു പേരെ അറസ്‌റ്റു ചെയ്‌തു. പ്രതികളുടെ സിനിമാ ബന്ധവും എന്തുകൊണ്ട് ഷംനയെ ലക്ഷ്യമിട്ടെന്നും പ്രത്യേകം അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. അടുത്ത ദിവസം കൊച്ചിയിലെത്തുന്ന ഷംനയിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. കേസിൽ ചാവക്കാട് സ്വദേശിയായ സിനിമയിലെ ഹെയർ സ്‌റ്റെലിസ്‌റ്റിനും പങ്കുണ്ടെന്നാണ് സൂചന. അറസ്റ്റിലായ റഫീഖിന്റെയും ഷെരീഫിന്റെയും ബന്ധുവായ ഇയാൾ വിദേശത്തും ശ്രദ്ധേയനായ ഹെയർ സ്‌റ്റൈലിസ്‌റ്റാണ്. ഒരു സിനിമാ നിർമ്മാതാവ് വഴി ഷംനയെ പരിചയപ്പെട്ടശേഷം പ്രതികളുമായി അടുപ്പിച്ച ഇയാളെ ഉടൻ ചോദ്യം ചെയ്യും.
കൂടുതൽ യുവതികളും കേസിൽ പ്രതികളാകും. ഷംനയെ വിവാഹം കഴിക്കാനെത്തിയ റഫീഖിനെതിരെ വിവാഹ വാഗ്ദാനം നൽകി പണവും ആഭരണങ്ങളും തട്ടിയെടുത്തതിന് വാടാനപ്പള്ളി പൊലീസ് സ്‌റ്റേഷനിൽ ഒരു യുവതി പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ പരാതിക്കാരിയായ ആലപ്പുഴ സ്വദേശിനിയായ മോഡലിനെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ റഫീഖ് ശ്രമിച്ചതിന്റെ ഫോൺ സംഭാഷണം പുറത്തായി. മാർച്ച് 17 ന് എറണാകുളം നോർത്ത് പൊലീസ് സ്‌റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെയാണ് റഫീഖ് ഫോണിൽ ബന്ധപ്പെട്ടത്.
മോഡലിനെ പ്രതികളുമായി പരിചയപ്പെടുത്തിയ ഇടുക്കി സ്വദേശിനി മീരയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഈ യുവതിക്കൊപ്പം പരാതിക്കാരി ചില ഷൂട്ടിംഗുകളിൽ പങ്കെടുത്തിരുന്നു. .
ഷംനാ കാസിമിനെ ലക്ഷ്യമിട്ട സംഘം
വാടാനപിള്ളിയിൽ 16 ലക്ഷം തട്ടി
വാടാനപ്പള്ളി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ റഫീഖും സംഘവും ഫോണിലൂടെ പരിചയപ്പെട്ട വാടാനപ്പിള്ളി സ്വദേശിനിയോട് വിവാഹാഭ്യർത്ഥന നടത്തി 16 ലക്ഷം തട്ടിയെന്ന് പരാതി. റഫീഖിന്റെ സ്വന്തം സ്ഥലമാണ് വാടാനപ്പിള്ളി. വിവാഹാലോചനയ്ക്കായി വീട്ടിൽ വരുന്നുണ്ടെന്ന് വിശ്വസിപ്പിച്ച റഫീഖും കൂട്ടുപ്രതി സലാമും 'മുസ്ലിം തങ്ങൾ' വിഭാഗത്തിലേതെന്ന് പറഞ്ഞ് മറ്റൊരാളെ യുവതിക്ക് പരിചയപ്പെടുത്തി. വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളുടെ ഷോ റൂം ഉണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു വിവാഹാലോചന. വിവാഹാലോചനയ്ക്ക് വീട്ടിൽ വരുന്നുണ്ടെന്ന് യുവതിയെയും ബന്ധുക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വരാതിരിക്കും. ഇതിനിടെ 2018 മുതൽ 2019 വരെ പലപ്പോഴായി യുവതിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി പതിനാറ് ലക്ഷം തട്ടിയെടുത്തു.
പല തവണ ക്ഷണിച്ചിട്ടും വീട്ടിലേയ്ക്ക് വരാതിരുന്നതോടെയാണ് യുവതിക്കും ബന്ധുക്കൾക്കും സംശയം തോന്നിയത്. പണം തിരിച്ച് ചോദിച്ചതോടെ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്താൻ തുടങ്ങി. യുവതി വാടാനപ്പിള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഷംനാ കാസിം സംഭവത്തോടെയാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.
ആവശ്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചും ആൾമാറാട്ടം നടത്തിയുമാണ് പണം തട്ടിയെടുത്തതെന്ന് വാടാനപ്പിള്ളി പൊലീസ് ഇൻസ്പെക്ടർ പി.ആർ ബിജോയ് പറഞ്ഞു. കൂട്ടു പ്രതികൾ ഉണ്ടാകാമെന്നും അന്വേഷണം തുടരുകയാണെന്നും സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |