മലപ്പുറം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ 15 കുടുംബങ്ങൾക്ക് സ്‌നേഹഗ്രാമം പദ്ധതിയിലൂടെ വീട് യാഥാർത്ഥ്യമായി. താക്കോൽ ദാനം മന്ത്രി കെ.ടി.ജലീലും മജീഷ്യൻ ഗോപിനാഥ് മുതുകാടും ചേർന്ന് നിർവഹിച്ചു. നെക്സസ് ചെയർമാൻ അഹമ്മദ് ഇക്ബാൽ കുനിയിൽ നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് ജ്യോതി ലാബ്സ് ലിമിറ്റഡ് ചെയർമാൻ എം.പി.രാമചന്ദ്രനാണ് വെള്ളം, വൈദ്യുതിയടക്കം എല്ലാ സൗകര്യങ്ങളുമുള്ള 15 വീടുകൾ നിർമ്മിച്ചു നൽകിയത്. അർഹരായ കുടുംബങ്ങളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
കവളപ്പാറയിലെ ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട് മാനസികമായി തകർന്ന പ്രദേശവാസികൾക്കായി സംഘടിപ്പിച്ച മോട്ടിവേഷൻ പരിപാടിക്കിടെ ഗോപിനാഥ് മുതുകാട് നടത്തിയ അഭ്യർത്ഥനയാണ് പുനഃരധിവാസത്തിന് വഴിയൊരുക്കിയത്. ചടങ്ങിൽ നെക്സസ് ചെയർമാൻ അഹമ്മദ് ഇക്ബാൽ, ജ്യോതി ലാബ്സ് ലിമിറ്റഡ് സ്റ്റേറ്റ് സെയിൽസ് മാനേജിർ കെ.കൃഷ്ണദാസ്, ജില്ലാ ഇൻ ചാർജ്ജ് അഖിലേഷ് സതീഷ്, ജീവനക്കാരായ കെ.ഷമീർ, സി.വിഷ്ണു പദ്ധതിയുടെ സംഘാടകരായ മുജീബ് റഹ്മാൻ, മുനീർ അരീക്കോട്, ഗഫൂർ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |