ജോസ് കെ. മാണി എം.പി
കോട്ടയം: കെ.എം.മാണിയുടെ തണലിൽ വളർന്നു കേരളകോൺഗ്രസ് (എം) ൽ പിൻതുടർച്ചാവകാശിയായി . പാർട്ടി വൈസ് ചെയർമാനായി. മാണിയുടെ മരണ ശേഷം വർക്കിംഗ് ചെയർമാനായിരുന്ന പി.ജെ.ജോസഫ് ചെയർമാന്റെ അധികാരങ്ങൾ കൈയാളാൻ തുടങ്ങിയപ്പോൾ പ്രത്യേക ഗ്രൂപ്പുണ്ടാക്കി കേരളകോൺഗ്രസ് ജോസ് വിഭാഗം ചെയർമാനായി. ഇതിപ്പോൾ കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ തീർപ്പ് കാത്തിരിക്കുന്നു.
2004ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു പാർട്ടി വിട്ടു പോയ പി.സി.തോമസിനോട് തോറ്റു. 2009ലും 2014ലും കോട്ടയത്ത് നിന്ന് ലോക് സഭയിൽ എത്തി. മാണി വിഭാഗം ബാർകോഴ വിവാദത്തിന്റെ പേരിൽ യു.ഡി.എഫ് വിട്ടു പിന്നീട് തിരിച്ചു വന്നത് ഒത്തു തീർപ്പു വ്യവസ്ഥ പ്രകാരം കോൺഗ്രസിന് അവകശപ്പെട്ട രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്കു നൽകിയായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിൽ ജോസ് പക്ഷത്തു നിന്ന് ജോസഫ് പക്ഷത്തേക്ക് കൂറുമാറിയ അംഗത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാൻ സമ്മതിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന് യു.ഡി.എഫ് നേതൃത്വത്തെ വെല്ലുവിളിച്ചതിന് മുന്നണിയിൽ നിന്ന് ജോസ് പക്ഷത്തെ തന്നെ പുറത്താക്കി.
പി.ജെ.ജോസഫ് എം.എൽ.എ
മണ്ണിനെയും മൃഗങ്ങളെയും സ്നേഹിക്കുന്ന സാധാരണ കൃഷിക്കാരന്റെ മനസാണെങ്കിലും മികച്ച രാഷ്ടീയക്കാരനാണ്. പല തവണ തോൽവി ഏറ്റു വാങ്ങേണ്ടിവന്നെങ്കിലും രാഷ്ടീയ കൗശലത്താൽ എൽ.ഡി.എഫ്, യു.ഡി.എഫ് മന്ത്രിസഭകളിൽ മാറി മാറി മന്ത്രിയാകാൻ കഴിഞ്ഞു. ഇപ്പോൾ ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതിലൂടെയും രാഷ്ടീയ കൗശലം തെളിയിച്ചു. ഇടതു മുന്നണിയിലും യു.ഡി.എഫിലും മാറി മാറി മന്ത്രിയാകാൻ കഴിഞ്ഞതും ഈ പ്രത്യേക കഴിവുകൊണ്ടാണ്.
വിമാന യാത്രയ്ക്കിടയിലെ പീഡന ആരോപണത്തിന്റെ പേരിൽ വി.എസ്. അച്യുതാനന്ദൻ നേതൃത്വം നൽകിയ മന്ത്രിസഭയിൽ നിന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നെങ്കിലും രാഷ്ടീയത്തിൽ പിന്നെയും താരമായി ഉയർന്നു. കെ.എം.മാണിയുടെ മരണത്തോടെ വർക്കിംഗ് ചെയർമാൻ സ്ഥാനത്തു നിന്ന് ചെയർമാനായി. ഇത് ജോസ് വിഭാഗം ചോദ്യം ചെയ്തതോടെയാണ് യു.ഡി.എഫിൽ കലഹം തുടങ്ങിയത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള വിവാദത്തിനൊടുവിലും യു.ഡി.എഫ് ജോസഫിനൊപ്പം നിന്നു. തൊടുപുഴയിൽ നിന്നു പലതവണ ജയിച്ച ജോസഫ് 2016ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടിയ ഭൂരിപക്ഷമായ 45587 വോട്ടോടെയാണ് ജയിച്ചത്. ഗാന്ധിയൻ സ്റ്റഡീസ് ചെയർമാനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |