കോട്ടയം: കെ.എം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യു.ഡി.എഫ് എടുത്തതെന്ന് ജോസ്.കെ.മാണി. കർഷക പെൻഷൻ മുതൽ കാരുണ്യ വരെയുള്ള പദ്ധതികൾ വരെ നടപ്പാക്കി യു.ഡി.എഫിന് ജനകീയ മുഖം കൊടുത്തത് കെ.എം മാണിയും കേരള കോൺഗ്രസുമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ ഒരു പദവിക്ക് വേണ്ടി 38 വർഷമായി ഒപ്പം നിന്ന, മുന്നണിക്ക് രൂപം കൊടുക്കാൻ നേതൃത്വം നൽകിയ പാർട്ടിയെയാണ് പുറത്താക്കിയത്. ഈ തീരുമാനം യു.ഡി.എഫ് നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും അദ്ദഹം പറഞ്ഞു.
ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന നുണകൾ പി.ജെ ജോസഫ് വീണ്ടും ആവർത്തിക്കുകയാണ്. ജോസഫ് ഗ്രൂപ്പിന് രാഷ്ട്രീയ അഭയം നൽകിയത് കെ.എം മാണിയാണ്. അതു കൊടുത്തതിന് ശേഷം ആ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് കെ.എം മാണിയുടെ മരണത്തിന് ശേഷം അതിനെ തകർക്കാനാണ് പി.ജെ ജോസഫ് ശ്രമിച്ചത്.
പാലായിലെ വീട് മ്യൂസിയമാക്കാൻ വിട്ട് കൊടുക്കണമെന്ന് വരെ പി.ജെ ജോസഫ് ആവശ്യപ്പെട്ടിട്ടുണ്ട്. തകർക്കാനുളള ശ്രമങ്ങൾ അതിജീവിച്ച പാർട്ടിയാണിത്. പാലായിൽ ചിഹ്നം പോലും ലഭിക്കാതെ ഒറ്റയ്ക്ക് നിന്നാണ് തങ്ങൾ മത്സരിച്ചത്. തന്നെപ്പറ്റി നിരന്തരം വ്യക്തിഹത്യ നടത്തി. പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചതാണ് തന്റെ തെറ്റ്. അടുത്ത പത്താം തീയതിക്ക് മുമ്പായി കേരള കോൺഗ്രസിന്റെ എല്ലാ വാർഡ്, മണ്ഡലം, ജില്ല കമ്മിറ്റികളും വിളിച്ച് കൂട്ടും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ജോസ്.കെ.മാണി പറഞ്ഞു. ഉചിതമായ സമയത്ത് പാർട്ടി ഉചിതമായ തീരുമാനമെടുക്കും. മുന്നണിയിൽ നിന്ന് പുറത്താക്കിയ ശേഷം ചർച്ച നടക്കുമെന്ന് പറയുന്നതിലെ യുക്തിയെന്താണെന്ന് മനസിലാകുന്നില്ലെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു.ഏല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ യു.ഡി.എഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |