ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പ്രധാനമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ തന്നെ പാർട്ടി. നേപ്പാളിൽ ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിംഗിലാണ് ആവശ്യം ഉയർന്നത്. പാർട്ടി സഹ-ചെയർമാൻ പുഷ്പ കമൽ ദഹൽ, മുതിർന്ന നേതാക്കളായ മാധവ് നേപ്പാൾ, ജഹ്ല നാഥ് ഖാനൽ, ബാംദേവ് ഗൗതം എന്നിവരാണ് ശർമ്മ ഒലിക്കെതിരെ രംഗത്ത് വന്നത്.
രാജ്യവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ ശർമ്മ പരാജയമാണെന്നും, കെടുകാര്യസ്ഥതയിൽ നിന്നും ശ്രദ്ധ തിരിക്കാൻ പ്രധാനമന്ത്രി ഇന്ത്യയുമായുള്ള നേപ്പാളിന്റെ പ്രശ്നങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ആരോപിച്ചു.
പാർട്ടിയിലെ ശർമ്മയുടെ എതിർച്ചേരി അദ്ദേഹത്തെ താഴെ ഇറക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നാണ് നേപ്പാളി വാർത്താ വെബ്‌സൈറ്റായ 'ദ ഹിമാലയൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തന്നെ പുറത്താക്കാനുള്ള നീക്കത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരാണെന്നാണ് ശർമ്മ ഒലിയുടെ ആരോപണം.
ഇന്ത്യയും നേപ്പാളിലെ ഇന്ത്യൻ എംബസിയും ഇതിനായി അണിയറയിൽ ഗുഢാലോചന നടത്തുകയാണെന്നും അദ്ദേഹം പാർട്ടി സമ്മേളനത്തിനിടെ ആരോപിച്ചു. ലിപുലേഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങൾക്കുമേൽ നേപ്പാൾ അവകാശം ഉന്നയിച്ചതാണ് ഇതിനുള്ള കാരണമെന്നും നേപ്പാൾ പ്രധാനമന്ത്രി പറയുന്നു.
എന്നാൽ ശർമ്മയുടെ ഈ ആരോപണങ്ങൾ തിരിച്ചടിക്കുകയാണ് ഉണ്ടായത്. ആരോപണങ്ങൾ പാർട്ടിയിൽ പ്രധാനമന്ത്രിയുടെ രാജിക്കായുള്ള ആവശ്യം ശക്തമാകുന്നതിലേക്ക് നയിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |