ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരമായി രവീന്ദ്ര ജഡേജ
മുംബയ് : പുതിയ നൂറ്റാണ്ടിൽ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരമായി രവീന്ദ്ര ജഡേജയെ വിസ്ഡൻ തിരഞ്ഞെടുത്തു. ഒരു താരത്തിന്റെ പ്രകടനം മത്സരഫലത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് പരിഗണിച്ചാണ് ജഡേജയെ തിരഞ്ഞെടുത്തത്. മോസ്റ്റ് വാല്യുബൾ പ്ലെയർ റേറ്റിങ്ങിൽ (എംവിപി റേറ്റിങ്) ജഡേജയ്ക്ക് 97.3 പോയിന്റ് ലഭിച്ചു. ടീം ഇന്ത്യയുടെ മത്സരഫലങ്ങളിൽ ജഡേജയോളം സ്വാധീനമുണ്ടാക്കിയ താരമില്ലെന്ന് വിസ്ഡൻ വ്യക്തമാക്കുന്നു.
ശ്രീലങ്കയുടെ മുൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ലോക ക്രിക്കറ്റിൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും മൂല്യമേറിയ താരം. അന്തരാഷ്ട്ര ക്രിക്കറ്റിൽ മുരളീധരന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ജഡേജ. 2000 മുതൽ 2020 വരെയുള്ള കാലയളവിലെ പ്രകടനങ്ങൾ അടിസ്ഥാനമാക്കിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
26.42 ആണ് ജഡേജയുടെ ബൗളിങ് ശരാശരി. ഓസ്ട്രേലിയയുടെ സ്പിൻ ഇതിഹാസം ഷെയ്ൻ വാണിനേക്കാൾ മികച്ചതാണിത്. ജഡേജയുടെ ബാറ്റിങ് ശരാശരി 35.26 ആണ്. ഓസീസിന്റെ മുൻ താരം ഷെയ്ൻ വാട്സണേക്കാൾ മികച്ച ബാറ്റിംഗ് ശരാശരി ജഡേജയ്ക്കുണ്ടെന്നും വിസ്ഡൻ വിലയിരുത്തി.
2012-ലാണ് ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. കഴിഞ്ഞ വർഷമായിരുന്നു ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതുവരെ 49 ടെസ്റ്റുകളിൽ നിന്ന് 24.62 ശരാശരിയിൽ 213 വിക്കറ്റെടുത്ത ജഡേജ 35.26 ശരാശരിയിൽ 1869 റൺസും നേടിയിട്ടുണ്ട്.
ക്രിക്കറ്റിൽ ഉപയോഗിക്കുന്ന വിശകലനാത്മക ടൂളായ ക്രിക്ക് വിസിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിസ്ഡൻ ജഡേജയെ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്. മത്സരത്തിലെ ഇംപാക്ടിന്റെ അടിസ്ഥാനത്തിൽ താരങ്ങൾക്ക് എംവിപി റേറ്റിങ് നൽകിയപ്പോൾ ജഡേജയെ പിന്നിലാക്കാൻ മറ്റൊരു ഇന്ത്യൻ കളിക്കാരനുമായില്ല.
ഏറ്റവും വിലമതിപ്പുള്ള ടെസ്റ്റ് താരവും മുത്തയ്യ മുരളീധരനാണ്. മുരളീധരൻ വീഴ്ത്തിയ 800 ടെസ്റ്റ് വിക്കറ്റുകളിൽ 573ഉം 2000-ത്തിന് ശേഷമായിരുന്നു. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഏറ്റവും വിലമതിപ്പുള്ള ട്വന്റി-20 താരം.
എന്നെ മോസ്റ്റ് വാല്യുവബിൾ പ്ളേയറായി തിരഞ്ഞെടുത്ത വിസ്ഡൻ ഇന്ത്യയ്ക്ക് നന്ദി.എന്നെ ഇൗ നിലയിലേക്കത്താൻ സഹായിച്ച സഹതാരങ്ങൾക്കും പരിശീലകർക്കും നന്ദി.രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് എന്റെ ലക്ഷ്യം.
രവീന്ദ്ര ജഡേജ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |