
തിരുവനന്തപുരം: പാചക വാതക ക്ഷാമം രൂക്ഷമായതോടെ ഇൻഡക്ഷൻ കുക്കറുകളുടെ വില്പന സംസ്ഥാനത്ത് കുതിച്ചുയരുന്നു. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയതിനു ശേഷം സംസ്ഥാനത്തെ ഇലക്ട്രോണിക്സ് വിപണന സ്ഥാപനങ്ങളിൽ വില്പനയിൽ ഒന്നാം സ്ഥാനം ഇൻഡക്ഷൻ കുക്കറുകൾ കരസ്ഥമാക്കി. യുദ്ധം നീണ്ടാൽ ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാകുമെന്ന ഭീതിയിലാണ് ഉപഭോക്താക്കൾ അടുക്കളയിൽ ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗം ഉയർത്തുന്നത്.
ഇൻഡക്ഷൻ കുക്കറിന്റെ ഡിമാൻഡ് കൂടാനുള്ള മുഖ്യ കാരണം കുറഞ്ഞ വിലയാണ്. 999 രൂപ മുതൽ ഓഫർ നിരക്കിൽ ഇൻഡക്ഷൻ കുക്കറുകൾ വിപണിയിലുണ്ട്. വില കൂടുന്നതിനനുസരിച്ച് ഗുണനിലവാരവും കൂടും. 2,500 മുതൽ 5,000 രൂപ വരെ വിലയുള്ള ഉത്പന്നങ്ങൾക്കാണ് ഡിമാൻഡെന്ന് വ്യാപാരികൾ പറയുന്നു.
സാധാരണ ഇൻഡക്ഷൻ കുക്കറുകളിൽ അടിഭാഗം നിരപ്പായ സ്‌റ്റെയിൻലെസ് സ്റ്റീൽ, കാസ്റ്റ് അയൺ, ഇൻഡക്ഷൻ കുക്കറിന് വേണ്ടി ഡിസെൻ ചെയ്ത പ്രഷർ കുക്കർ, പാനുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം എല്ലാത്തരം പാത്രങ്ങളും വയ്ക്കാവുന്ന ഇൻഫ്രാറെഡ് മോഡൽ ഇൻഡക്ഷൻ കുക്കറും വിപണിയിലുണ്ട്.
വൈദ്യുതി ബില്ലിൽ ആശങ്ക
ഇൻഡക്ഷൻ കുക്കറിന്റെ അധിക ഉപയോഗം വൈദ്യുതി ബിൽ കുത്തനെ ഉയർത്തുമെന്ന ആശങ്കയും ഉപഭോക്താക്കളിൽ ശക്തമാണ്. ഒരു ദിവസം രണ്ടു മണിക്കൂർ പാചകത്തിന് 2,000 വാട്ട്സിൽ ഇൻഡക്ഷൻ കുക്കർ പ്രവർത്തിപ്പിച്ചാൽ 4 യൂണിറ്റാണ് വൈദ്യുതി ചെലവാകുക. ഒരു മാസം 120 യൂണിറ്റ് 1000 വാട്ട്സിലാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ ഒരു മാസം 60 യൂണിറ്റ് വൈദ്യുതി. ഓരോ തരം പാചകത്തിനും അനുസരിച്ച് സ്വിച്ച് ക്രമീകരിച്ച് 400 മുതൽ 2000 വരെ വാട്ട്സിൽ പ്രവർത്തിപ്പിച്ചാൽ ഉപഭോഗം മണിക്കൂറിൽ രണ്ട് യൂണിറ്റിൽ താഴെയായി ചുരുക്കാനാകും. ഒരു ദിവസം രണ്ട് മണിക്കൂർ ഇൻഡക്ഷൻ ഉപയോഗിച്ചാൽ ഒരു മാസം 800-1000 രൂപയുടെ വർദ്ധന വൈദ്യുതി ബില്ലിലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |