ആലപ്പുഴ: ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും ചില്ലറ വില്പന ശാലകളിൽ വില കുറഞ്ഞ മദ്യം കിട്ടാനില്ല. ഗോഡൗണുകളിൽ വിദേശമദ്യമെത്തുമ്പോൾ ബാറുകാർ കൂട്ടത്തോടെയെത്തി റാഞ്ചുന്നു. ഹണി ബീ, എം.സി, സെലിബ്രേഷൻ, ജവാൻ, ഓൾഡ് പോർട്ട് തുടങ്ങിയ ഇനങ്ങൾക്കാണ് ക്ഷാമം.
കൊവിഡ് നിയന്ത്രണങ്ങൾ വരും മുമ്പ് ഗോഡൗണുകളിൽ ദിവസം 15 ലോഡെത്തിയിരുന്നെങ്കിൽ, ഇപ്പോൾ കഷ്ടിച്ച് മൂന്ന് ലോഡ്. മദ്യവില്പനയ്ക്ക് ആപ്പ് വന്നതോടെ ചില്ലറ വില്പനശാലകളിൽ വില്പന ഏറെ കുറഞ്ഞു. മിക്ക ബാറുകളിലും വില്പന കൂടി. ആപ്പ് വഴി ബുക്ക് ചെയ്യാത്തവർക്കും ബാറുകളിൽ മദ്യം സുലഭം.
23 വെയർഹൗസ് ഗോഡൗണുകൾ വഴിയാണ് മദ്യവിതരണം. ഇൻഡന്റ് നൽകി ആദ്യമെത്തുന്നവർക്ക് ആദ്യം നൽകണമെന്നതാണ് നേരത്തെയുള്ള നിർദ്ദേശം. ചില്ലറ വില്പന തുടങ്ങിയതോടെ ബാറുകാർ കൂട്ടത്തോടെ സ്റ്റോക്കെടുക്കുന്നു. ബാറുകൾ കൂടുതലുള്ള ജില്ലകളിൽ ലോഡെത്തിയാൽ കുറഞ്ഞ ഇനം മദ്യം 36 ശതമാനം ബാറുകൾക്കും 64 ശതമാനം ഔട്ട് ലെറ്റുകൾക്കും നൽകണമെന്ന വ്യവസ്ഥയും പാലിക്കപ്പെടുന്നില്ല.
ബാറുകാർക്ക് ആവശ്യമായ മദ്യം നൽകിയില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്ന് വെയർഹൗസിലെ ജീവനക്കാർ. ഇൻഡന്റ് നൽകി മദ്യം വാങ്ങാനെത്തിയ ബാർ ലൈസൻസിക്ക് മദ്യം നൽകാൻ വൈകിയെന്ന പരാതിയിൽ തൃപ്പൂണിത്തുറ വെയർഹൗസിലെ ജീവനക്കാരിയെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
മദ്യം ക്ഷാമത്തിലേക്ക്
മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്ന സ്പിരിറ്റ് ഏറിയ പങ്കും സാനിറ്റൈസർ നിർമ്മാണത്തിന്
കേരളത്തിൽ വിൽക്കുന്ന നല്ലൊരു ശതമാനം മദ്യവും പാലക്കാട്, തൃശൂർ ഡിസ്റ്രിലറികളിലാണ് നിർമ്മിച്ചിരുന്നത്. സ്പിരിറ്റ് എത്താതായതോടെ ഉത്പാദനം നിലച്ചു
സ്പിരിറ്റുമായി ടാങ്കർലോറി ഡ്രൈവർമാരെത്തിയാൽ ക്വാറന്റൈനിൽ പോകേണ്ടിവരുന്നതിനാൽ ലോഡു കുറഞ്ഞു.
സ്പിരിറ്റിന്റെ വില കൊവിഡ് വരും മുമ്പ് ലിറ്ററിന് 42 രൂപ. ഇപ്പോൾ 69
നൽകിയ മദ്യം
*ഫെബ്രുവരി
വില്പനശാലകൾക്ക് -17,97,009 കെയ്സ് (104.72 കോടി)
ബാറുകൾക്ക് -11,09,739 കെയ്സ് (54.21 കോടി)
*ജൂൺ
വില്പനശാലകൾക്ക് -5,89,153 കെയ്സ് (34.79 കോടി)
ബാറുകൾക്ക് -.14,24,371 കെയ്സ് (85.76 കോടി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |