തിരുവനന്തപുരം: യു.ഡി.എഫ് `മാറ്റിനിറുത്തിയ' ജോസ് പക്ഷത്തെ സ്വീകരിക്കാൻ പൊതിഞ്ഞ വാക്കുകളിൽ 'മനസമ്മതം' അറിയിച്ച് സി.പി.എം നേതാക്കൾ. പിന്നാലെ എതിർപ്പ് കടുപ്പിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെത്തിയതോടെ ചർച്ചകൾക്ക് ചൂടേറിയ തുടക്കമായി.
നിലപാടുള്ള പാർട്ടിയാണ് ജോസ് പക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ, ബഹുജനപിന്തുണയുള്ള പാർട്ടിയാണെന്ന് ഇന്നലെ സി.പി.എം മുഖപത്രത്തിലെ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണനും വിശേഷിപ്പിച്ചു. കോടിയേരിയെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ വിജയരാഘവനും രംഗത്തെത്തി. സി.പി.എം നേതാക്കളുടെ വാക്കുകളിൽ സന്തോഷമെന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം.
പുതിയ കൂട്ടുകെട്ട് തദ്ദേശതിരഞ്ഞെടുപ്പിൽ മദ്ധ്യതിരുവിതാംകൂറിൽ ഗുണം ചെയ്യുമെന്ന് സി.പി.എം കരുതുന്നു. കെ.എം.മാണി ജീവിച്ചിരുന്നപ്പോൾ തന്നെ കേരള കോൺഗ്രസുമായുള്ള 'സമ്പർക്ക വിലക്ക്' ഒഴിവാക്കാൻ സി.പി.എം ശ്രമിച്ചിരുന്നു. പാലായിൽ അട്ടിമറിജയം നേടിയ എൻ.സി.പി അംഗം മാണി സി.കാപ്പനെ അനുനയിപ്പിക്കുകയാണ് മറ്റൊരു വെല്ലുവിളി. അദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടത് പാലാ വിട്ടുകാെടുക്കാനുള്ള വിസമ്മതം അറിയിക്കാനായിരുന്നു എന്ന് സൂചനയുണ്ട്.
പുതിയ സാഹചര്യം ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. തുടർന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനം നടത്തി നിലപാട് വിശദീകരിച്ചേക്കും. ജോസ് രാഷ്ട്രീയതീരുമാനം വ്യക്തമാക്കിയ ശേഷം മുന്നണി നിലപാട് പ്രഖ്യാപിക്കാനാണ് സി.പി.എമ്മിന് താല്പര്യം. ഇടതുമുന്നണി ഉടൻ ചേരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പ് വരെ സ്വതന്ത്രരായി നിൽക്കുമെന്ന് ജോസ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആവേശം വേണ്ടെന്ന ചിന്തയുമുണ്ട്. സി.പി.ഐയുമായി ചർച്ച വേണ്ടിവരും.
എന്തായാലും, സി.പി.എം അനൗപചാരിക നീക്കം തുടരുകയാണ്. കോട്ടയത്തെ മുതിർന്ന നേതാവിനാണ് ചുമതല. എൽ.ഡി.എഫിൽ ഇപ്പോൾ മൂന്ന് കേരള കോൺഗ്രസ് ഗ്രൂപ്പുകളുണ്ട്. അതിലെ ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധികളുമായി കോടിയേരി കഴിഞ്ഞദിവസം വിഷയം ചർച്ച ചെയ്തതായി സൂചനയുണ്ട്.
പ്രതികരണം
ജോസ് കെ മാണി എം.പി
പാർട്ടിയുടെ ശക്തി ഇടതുമുന്നണിയും നേതാക്കളും തിരിച്ചറിയുന്നതിൽ സന്തോഷം. മുന്നണിയായി മത്സരിച്ചില്ലെങ്കിലും ശക്തി തെളിയിക്കാൻ കഴിയും. മുന്നണികളുമായി ചർച്ചകളോ ആലോചനകളോ നടത്തിയിട്ടില്ല. പ്രവർത്തകരുമായി ആലോചിച്ചു ഉചിതമായ തീരുമാനം ഉചിത സമയത്ത് എടുക്കും.
മാണി സി കാപ്പൻ
എൻ.സി.പി നേതാവ്, പാലാ എം.എൽ.എ
ജോസിനെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നു. പക്ഷേ, പാലാ സീറ്റ് നൽകില്ല .ഇക്കാര്യത്തിൽ എൽ.ഡി.എഫിന്റെ ഉറപ്പ് ലഭിച്ചിട്ടുണ്ട്.
വി.എൻ.വാസവൻ
സി.പി.എം ജില്ലാ സെക്രട്ടറി
ജോസ് വിഭാഗത്തെ പുറത്താക്കിയത് കോട്ടയത്ത് യു.ഡി.എഫിന്റെ അടിത്തറ തകർക്കും. സി.പി.എം കഴിഞ്ഞാൽ ജില്ലയിൽ വലിയ പാർട്ടി കേരള കോൺഗ്രസാണ്. അവരെ തകർക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ജില്ലാ പഞ്ചായത്തിൽ അവിശ്വാസം വന്നാൽ ഇടതു മുന്നണി തീരുമാനമനുസരിച്ച് നിലപാട് സ്വീകരിക്കും.
പി.ജെ. ജോസഫ്
കേരളാകോൺഗ്രസ്
വർക്കിംഗ് ചെയർമാൻ
എൽ.ഡി. എഫ് എത്ര സീറ്റ് നൽകിയാലും ജോസ് വിഭാഗം വിജയിക്കില്ല.നിഗൂഢ ലക്ഷ്യത്തോടെ ജോസ് സ്വയം പുറത്ത് പോയതാണ്. ഇനി ജോസിന് യു.ഡി.എഫിൽ തുടരാനാകില്ല. കോട്ടയം ജില്ലാ പഞ്ചായത്തിലെ അവിശ്വാസം അനന്തമായി നീളില്ല.
ജോസ് വിഭാഗത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഇടതു നേതാക്കളുടെ നല്ല വാക്കുകൾ പാർട്ടിയുടെ ജനകീയാടിത്തറ മനസിലാക്കിയാണ്.
ഡോ.എൻ.ജയരാജ് എം.എൽഎ
മുന്നണി മാറ്റത്തെക്കുറിച്ച് പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെങ്കിലും ഇടതു മുന്നണി നേതാക്കളുടെ പ്രതികരണം സ്വഗതാർഹം.
റോഷി അഗസ്റ്റിൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |