ന്യൂഡൽഹി: ഘട്ടംഘട്ടമായി സൈന്യങ്ങളെ പിൻവലിക്കുന്നതിന് മുന്നോടിയായി വടക്കൻ ലഡാക്കിലെ അതിർത്തിയിൽ കൂടുതൽ പ്രകോപനം ഒഴിവാക്കാനും പരസ്‌പരം നിരീക്ഷിക്കാനും കഴിഞ്ഞ ദിവസത്തെ കമാൻഡർതല ചർച്ചയിൽ ധാരണയായി. അതിർത്തിയിലുടനീളം സൈനിക പിൻമാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുമ്പോൾ പാംഗോംഗ് തടാകം, ഡെപസാംഗ് മേഖലകളുടെ കാര്യത്തിൽ ചൈന നിലപാട് അറിയിച്ചിട്ടില്ല.
അതിർത്തിയിൽ ഒാരോ മേഖലയിലും 72 മണിക്കൂർ സമയപരിധിയിൽ പരസ്‌പരം നിരീക്ഷിച്ച് പ്രകോപനമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുന്ന ധാരണയ്‌ക്കാണ് കമാൻഡർമാർ രൂപം നൽകിയത്. ടെന്റുകളും കവചിത വാഹനങ്ങളും പിൻവലിച്ച് ഏപ്രിലിലെ സ്ഥിതി നിലനിറുത്തണമെന്നതാണ് ഇന്ത്യയുടെ ആവശ്യം.
എന്നാൽ, പാംഗോംഗ് തടാകക്കരയിൽ ഫിംഗർ നാലു മുതൽ എട്ടുവരെ സ്ഥിരതാവളത്തിന്റെ മാതൃകയിൽ ചൈനീസ് സേന ട്രഞ്ചുകളും റോഡുകളും നിർമ്മിച്ചിട്ടുണ്ട്. ദൗലത് ബേഗ് ഓൾഡിയിലെ (ഡി.ബി.ഒ) ഇന്ത്യയുടെ വ്യോമത്താവളവും തന്ത്രപ്രധാന റോഡുകളും നിരീക്ഷിക്കാൻ തക്കവണ്ണം ഡെപ്‌സാംഗിൽ സ്ഥിരതാവളം നിർമ്മിക്കാനും ചൈനയ്‌ക്ക് പദ്ധതിയുണ്ട്. അതിനാൽ ഇവിടെ കടന്നുകയറിയ സൈന്യത്തെ ഉടൻ പിൻവലിക്കുന്ന കാര്യത്തിൽ മൗനം തുടരുകയാണ്.
രാജ്നാഥ് ലഡാക് യാത്ര മാറ്റി
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ലഡാക് അതിർത്തിയിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. മേയിൽ ചൈനാ അതിർത്തിയിൽ സംഘർഷമുണ്ടായ ശേഷം ആദ്യമായി പ്രതിരോധ മന്ത്രി നടത്തുന്ന സന്ദർശനത്തിന് വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |