ആലപ്പുഴ: ആഞ്ജിയോഗ്രാം നടത്തുന്നതിനിടെ യന്ത്രഭാഗം ഹൃദയ വാൽവിൽ ഒടിഞ്ഞുകയറിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ എത്തിയതോടെ ജില്ലാ പൊലീസ് മേധാവി ഇടപെട്ട് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു (55) ചൊവ്വാഴ്ചയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കരീലക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നു.
ആശുപത്രിക്ക് വീഴ്ച സംഭവിച്ചോയെന്ന് വ്യക്തമാകാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആശുപത്രി രേഖകളും പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു. വീഴ്ച ഉണ്ടായിട്ടില്ലെന്നും ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഒടിയുന്ന സംഭവം അപൂർവമായി സംഭവിക്കാറുണ്ടെന്നുമാണ് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്.
തലകറക്കവും ഛർദ്ദിയും ബാധിച്ച് തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിന്ദുവിന് ജൂൺ നാലിനാണ് ആഞ്ജിയോഗ്രാം നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ഉപകരണം ഒടിഞ്ഞ് വാൽവിൽ തറച്ചതായി ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ബിന്ദുവിനെ പരുമലയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഉപകരണത്തിന്റെ ഭാഗം നീക്കുകയായിരുന്നു. അന്നുതന്നെ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
വീട്ടിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ബിന്ദുവിനെ ഹരിപ്പാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. യന്ത്രഭാഗം ഹൃദയത്തിൽ ഒടിഞ്ഞുകയറിയെന്ന് സ്വകാര്യ ആശുപത്രി ഡോക്ടർ എഴുതി നൽകിയ രേഖ ബന്ധുക്കളുടെ കൈയിലുണ്ട്.
ബിന്ദുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയായതിനെത്തുടർന്ന് മൃതദേഹം ഹരിപ്പാട് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയുടെ രോഗവിവരമറിഞ്ഞ് വിദേശത്ത് നിന്നെത്തിയ ഭർത്താവ് അജിത്റാമിന്റെ ക്വാറന്റൈൻ കാലാവധി ഇന്നവസാനിക്കും. അതിനുശേഷമേ സംസ്കാര സമയത്തിൽ തീരുമാനമാകൂ. മക്കൾ: ദർശന റാം, ആദർശ് റാം. മരുമക്കൾ: ശ്രീദേവി, അരവിന്ദ്.
ചികിത്സാ പിഴവ് അന്വേഷിക്കണം:
മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം:ആൻജിയോഗ്രാം നടത്തുന്നതിനിടെ
യന്ത്രഭാഗം ഹൃദയവാൽവിൽ ഒടിഞ്ഞിരുന്നതിനെ തുടർന്ന് ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു മരിച്ച സംഭവം ഡിവൈ. എസ്. പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |