രാജ്യം അൺലോക്കായി ജനജീവിതം സാധാരണ നിലയിലേക്ക് കടക്കുമ്പോഴും പാലക്കാട് കൊവിഡ് ഭീതിയുടെ പാരമ്യത്തിലാണ്. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോസീറ്റീവ് കേസുകളുള്ളത് പാലക്കാടാണ്, ഇരുനൂറിലധികം ആക്ടീവ് കേസുകളുള്ള ഏക ജില്ലയും.
രണ്ടുഘട്ടങ്ങളായാണ് ജില്ലയിൽ രോഗവ്യാപനം നടന്നിട്ടുള്ളത്. ഒന്നാംഘട്ടം മാർച്ച് 24ന് ആരംഭിച്ച് മെയ് പത്തുവരെ. ഈ ഘട്ടത്തിൽ ആകെ റിപ്പോർട്ട് ചെയ്തത് 13 കേസുകൾ. ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിയും രോഗമുക്തിനേടി മെയ് പത്തിന് ആശുപത്രി വിട്ടു. ഈ ആശ്വാസത്തിന് ഒരു രാത്രിയുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരം ഒന്ന് ഇരുട്ടിവെളുത്തപ്പോൾ തന്നെ ജില്ലയിൽ രണ്ടാംഘട്ട രോഗവ്യാപനവും തുടങ്ങി. കഴിഞ്ഞദിവസം വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 214 ആയി. ഇതിൽ 121പേരിൽ രോഗബാധ സ്ഥിരീകരിച്ചത് കഴിഞ്ഞ ആറുദിവസത്തിനിടെയാണ് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നു. പക്ഷേ, ഈ ഒരാഴ്ച സമ്പർക്കത്തിലൂടെ ഒരാൾക്ക് മാത്രമേ രോഗബാധയുണ്ടായിട്ടുള്ളൂ എന്നതാണ് നേരിയ ആശ്വാസം.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 448 പാലക്കാട് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം 221 പേർ രോഗമുക്തരായി ആശുപത്രിവിട്ടു. നിലവിൽ 214 പേർ പാലക്കാട് ചികിത്സയിലുണ്ട്, 11 പേർ മറ്റ് ജില്ലകളിലും. രണ്ടാംഘട്ടത്തിലാണ് ജില്ലയിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ചെന്നൈയിൽ നിന്നും വന്ന കടമ്പഴിപ്പുറം സ്വദേശിനിയായ വൃദ്ധയാണ് ജൂൺ രണ്ടിന് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സർക്കാർ കണക്കനുസരിച്ച് പാലക്കാട് 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇതിൽ 21 പേർ ആരോഗ്യ പ്രവർത്തകരാണ്. ഏഴുപേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇത് ഏറെ ഭയപ്പെടുത്തുന്നതാണ്. സമൂഹവ്യാപനം ഉണ്ടാകാൻ കൂടുതൽ സാദ്ധ്യതയുള്ളതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് പാലക്കാടിനെയാണ്. കണക്കുകൾ ആ അഭിപ്രായത്തെ സാധൂകരിക്കുകയും ചെയ്യുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നുവെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നുത്.
വാളയാറിൽ ആശങ്കയൊഴിഞ്ഞില്ല
സംസ്ഥാനത്തെ ഏറ്റവും വലിയ ചെക്ക്പോസ്റ്റാണ് വാളയാറിലേത്. ഈ കൊവിഡ് കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ റോഡ് മാർഗം കേരളത്തിലേക്ക് എത്തുന്നത് ഇതുവഴിയാണ്. ഇതുവരെ 70000 അധികം ആളുകൾ ഇതുവഴി കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണക്ക്. ഇപ്പോഴും പ്രതിദിനം ശരാശരി 1000 ആളുകൾ വരുന്നുണ്ട്. ലോക്ക് ഡൗൺ ഇളവ് അനുവദിച്ച ആദ്യദിവസങ്ങളിൽ ഇത് 2500 മുതൽ 3000 വരെയായിരുന്നു. ആരോഗ്യവകുപ്പിന്റെ പരിശോധനകൾക്ക് ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത് എങ്കിലും ഇപ്പോഴും വാളയാറിലെ ആശങ്കയൊഴിഞ്ഞിട്ടില്ല.
പൊലീസുകാർ, ചെക്ക് പോസ്റ്റ് ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി നിരവധി ഉദ്യോഗസ്ഥർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നത് വലിയ വീഴ്ചയാണ്.
പ്രതിരോധം ശക്തിപ്പെടുത്തി
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് നടപടികൾ. പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി കെ ജഗദീഷ് ചുമതലയേറ്റിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്ത് പാലക്കാട് മെഡി.കോളേജ് ആശുപത്രിയിലാണ് കൊവിഡ് ഒ.പി സജ്ജീകരിച്ചിരിക്കുന്നത്.
കൊവിഡ് പരിശോധനാ ലാബും പ്രവർത്തനം തുടങ്ങിയതോടെ കൂടുതൽ ടെസ്റ്റുകൾ നടത്താനാകും. പരിശോധനാ ഫലം മണിക്കൂറുകൾക്കുള്ളിൽ തന്നെ ലഭിക്കുകയും ചെയ്യും. 100 കിടക്കകളുള്ള സംവിധാനമാണ് ആദ്യഘട്ടത്തിൽ പാലക്കാട് മെഡി. കോളേജ് ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്. അതീവ ഗുരുതര സ്ഥിതിയിലുള്ള രോഗികളെ ജില്ലാ ആശുപത്രിയിലെ പ്രത്യേക ബ്ലോക്കിൽ തന്നെ ചികിത്സിക്കും.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പൊതുജനം പാലിക്കണമെന്നും എല്ലാവരിലും വൈറസ് ഉണ്ടാകാമെന്ന് കരുതി സാമൂഹ്യ അകലം പാലിക്കുകയാണ് വേണ്ടതെന്നും അധികൃതർ ആവശ്യപ്പെടുന്നു.
കിഴക്കൻ മേഖല പട്ടിണിയിലേക്ക്
പാലക്കാട്ടെ കിഴക്കൻ മേഖലയിലുള്ള ഭൂരിപക്ഷം കൃഷിക്കും കച്ചവടത്തിനും മറ്റു ഫാക്ടറി ജോലികൾക്കുമായി തമിഴ്നാടിനെ ആശ്രയിക്കുന്നവരാണ്. സാമൂഹ്യമായും സാമ്പത്തികമായും ഏറെ പിന്നാക്കം നിൽക്കുന്ന ചിറ്റൂർ, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ, വാളയാർ, എരുത്തേമ്പതി എന്നിവിടങ്ങളിൽ നിന്ന് സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് കോയമ്പത്തൂർ, തിരുപ്പൂർ, അവിനാശി, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് ദിവസേന ജോലിക്ക് പോകുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പാണ് തമിഴ്നാട് യാത്രകൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയത്. ഈ കാലയളവിൽ പലരും അതിർത്തി കടന്ന് യാത്രചെയ്തിരുന്നു എന്നതാണ് യാഥാർത്ഥ്യം. കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിൽ നിലവിൽ പച്ചക്കറി വിളവെടുപ്പ് പുരോഗമിക്കുകയാണ്. മുൻകാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാരെത്തി പച്ചക്കറികൾ വാങ്ങുമായിരുന്നു. കൊവിഡ് കാര്യങ്ങളെല്ലാം താളംതെറ്റിച്ചെന്ന് കർഷകർ പറയുന്നു.
ചിലർ നഷ്ടം സഹിച്ചും പ്രാദേശിക കച്ചവടക്കാർക്ക് നൽകി. മറ്റുചിലർ വാങ്ങാൻ ആളില്ലാതായതോടെ പച്ചക്കറികൾ പാടത്തുതന്നെയിട്ട് ഉഴുതുമറിക്കേണ്ട അവസ്ഥയിലാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ചിറ്റൂരിലെ മണ്ണിൽ പച്ചക്കറികൃഷി പുനരാരംഭിച്ചത്. വിളവെടുപ്പാകട്ടെ നഷ്ടത്തിലുമായി. കൈയിൽ കാശില്ലാതായതോടെ കിഴക്കൻ മേഖലയിലെ പല കുടുംബങ്ങളും പട്ടിണിയിലാണ്. അടുത്ത വിളവിറക്കാൻ ആര് സഹായിക്കുമെന്നറിയാതെ ആശങ്കയിലാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |