തിരുവല്ല: കോളിളക്കം സൃഷ്ടിച്ച കരിക്കിൻവില്ല ഇരട്ടക്കൊലപാതകകേസിൽ നൽകിയ ഒരു മൊഴിയിലൂടെ പ്രതികളെ കണ്ടെത്താൻ പൊലീസിന് വഴിയൊരുക്കിയ ഏകസാക്ഷി ഗൗരിയമ്മ (98) നിര്യാതയായി. തിരുവല്ല മീന്തലക്കര പൂതിരിക്കാട്ട്മലയിൽ പരേതനായ കുഞ്ഞൻപണിക്കരുടെ ഭാര്യയാണ് ഗൗരിയമ്മ. രാധമ്മ, ലീലാമ്മ, പരേതനായ സദാനന്ദൻ, ശാന്തമ്മ, സുരേന്ദ്രൻ എന്നിവർ മക്കളും ഉണ്ണികൃഷ്ണൻ, പരേതനായ രാജപ്പൻ, രമണി, ഗോപി, രമണി എന്നിവർ മരുമക്കളുമാണ്.
1980 ഒക്‌ടോബർ ആറിന് നടന്ന കരിക്കിൻവില്ല ഇരട്ടക്കൊലപാതകത്തിന് തുമ്പുണ്ടാക്കിയത് ''മദ്രാസിലെ മോൻ ഇന്നലെ വന്നിരുന്നു'' എന്ന ഗൗരിയമ്മയുടെ മൊഴിയാണ്. കുവൈറ്റ് വാസം കഴിഞ്ഞ് വലിയ സമ്പാദ്യവുമായി നാട്ടിലെത്തിയ ദമ്പതികളായിരുന്നു കെ.സി.ജോർജും ഭാര്യ റേച്ചലും. മക്കളില്ലാത്ത ഇവർ തിരുവല്ലയിലെ കരിക്കൻവില്ലയെന്ന വീട്ടിൽ താമസമാക്കി. സഹായത്തിന് ഗൗരിയെന്ന ജോലിക്കാരി മാത്രം. രാവിലെ ജോലിക്കെത്തിയ ഗൗരിയാണ് ജോർജിനെയും(63) റേച്ചലിനെയും(56) കൊല്ലപ്പെട്ടനിലയിൽ കണ്ടത്. ഇരുവർക്കും കുത്തേറ്റിരുന്നു. റേച്ചലിന്റെ ആഭരണങ്ങൾ, ജോർജിന്റെ റോളെക്‌സ് വാച്ച്, ടേപ്പ് റിക്കോർഡർ, പണം എന്നിവ അപഹരിക്കപ്പെട്ടിരുന്നു.
തലേന്നു വൈകിട്ടു പോകാൻ തുടങ്ങുമ്പോൾ നാലുപേർ കാറിൽ വന്നതായും അവർക്കു ചായയുണ്ടാക്കാൻ റേച്ചൽ പറഞ്ഞതായും മൊഴികൊടുത്തു. ‘മദ്രാസിലെ മോൻ’ ആണു വന്നതെന്നു റേച്ചൽ പറഞ്ഞതായും ഗൗരി വെളിപ്പെടുത്തി. കൊല്ലപ്പെട്ട ജോർജിന്റെ ബന്ധു റെനി ജോർജ് മദ്രാസിൽ പഠിക്കുന്നുണ്ടായിരുന്നു. ആ യുവാവും മൗറീഷ്യസ് സ്വദേശി ഹസൻ ഗുലാം മുഹമ്മദ്, മലേഷ്യൻ സ്വദേശി ഗുണശേഖരൻ, കെനിയക്കാരനായ കിബ്‌ലോ ദാനിയൽ എന്നീ കൂട്ടുകാരുമാണ് പ്രതികളെന്നു വ്യക്‌തമായി. അന്വേഷണ സംഘം മദ്രാസിലെത്തി. പത്താം ദിവസം ലോഡ്‌ജിൽനിന്നു റെനിയും ഹസനും പിടിയിലായി. ഗുണശേഖരനെ തൊട്ടടുത്ത ദിവസം കിട്ടി. രക്ഷപ്പെടാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും കിബ്‌ലോ കീഴടങ്ങി.
ഇൗ സംഭവം പിന്നീട് രാഗം മൂവീസിന്റെ ബാനറിൽ മദ്രാസിലെ മോൻ എന്ന സിനിമയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |