ന്യൂഡൽഹി: വെളളിയാഴ്ച രാവിലെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിലെ ലെയിലും നിമുവിലും സന്ദർശനം നടത്തി ഏവരെയും അമ്പരപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ചൈനീസ് സേനയുടെ പ്രകോപനങ്ങൾക്കെതിരെയുളള ഇന്ത്യയുടെ സൈനിക ഒരുക്കങ്ങൾ പരിശോധിക്കാനും സൈനികർക്ക് നവോർജ്ജം നൽകാനുമായിരുന്നു. എന്നാൽ ഈ സന്ദർശനത്തിന്റെ മുഴുവൻ ഏകോപനവും നടത്തിയത് മുഖ്യമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ്. ഒപ്പം ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്തും കരസേന മേധാവി എം.എം.നരവാനെയും. ലെയിലെ കുശോക് ബകുല റിമ്പോച്ചെ എയർപോർട്ടിൽ പ്രധാനമന്ത്രി വന്നിറങ്ങും വരെ സന്ദർശന വിവരം പരമ രഹസ്യമായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം അജിത് ഡോവലും, വിപിൻ റാവത്തും എം.എം. നരവാനോയും അതിർത്തിയിലെ സേനാ ക്യാമ്പിൽ സന്ദർശനം നടത്തി. കോർപ്‌സ് കമാന്ററായ ലഫ്‌റ്റനന്റ് ജനറൽ ഹരി സിംഗ് സ്ഥലത്തെ നിജസ്ഥിതി പ്രധാനമന്ത്രിയെയും മറ്റുളളവരെയും ബോദ്ധ്യപ്പെടുത്തി.
കഴിഞ്ഞ ദിവസം വരെ ഡൽഹിയിൽ സ്വയം ക്വാറന്റൈനിലായിരുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഈ സന്ദർശനത്തിന്റെ മുഖ്യ സൂത്രധാരൻ. കഴിഞ്ഞ ദിവസം വരെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സന്ദർശനം നടത്തും എന്ന് കരുതിയിരുന്ന ഇവിടെ അദ്ദേഹം സന്ദർശനം റദ്ദാക്കി പ്രധാനമന്ത്രി തന്നെ എത്തിയത് ചൈനക്കുളള മുന്നറിയിപ്പ് മാത്രമല്ല ഒരിഞ്ച് മണ്ണുപോലും ഇന്ത്യൻ അതിർത്തിയിൽ നിന്ന് സ്വന്തമാക്കാൻ ആരെയും അനുവദിക്കില്ല എന്നുളള സൂചന നൽകലുമാണ്. കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയുടെ നാലോളം ഭാഗങ്ങളിൽ നിലവിൽ ഇന്ത്യ-ചൈന സേനകൾ തമ്മിൽ നേർക്കുനേർ പ്രതിരോധിച്ച് നിലകൊളളുകയാണ്.
ഡോക്‌ലം സംഘർഷ സമയത്ത് അതിർത്തിയിലെ സൈനികർക്ക് നൽകിയ അതേ സന്ദേശമാണ് ഇത്തവണയും പ്രധാനമന്ത്രി സൈനികർക്ക് നൽകിയിരിക്കുന്നത്. ഇന്ത്യ സ്വന്തം നിലയിൽ പ്രകോപനം സൃഷ്ടിക്കില്ലെങ്കിലും മറുഭാഗത്ത് നിന്നുളള ആക്രമത്തെ പ്രതികരോധിക്കാൻ മടിക്കേണ്ടതില്ല എന്നാണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |