ന്യൂഡൽഹി: ലഡാക്കിൽ ചൈനയ്‌ക്കെതിരെയുള്ള പ്രതിരോധ സന്നാഹങ്ങളുടെ തുടർച്ചയായി, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹത്തിലും ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കുന്നു.
2001ൽ രൂപം നൽകിയ ആൻഡമാൻ നിക്കോബാർ കമാൻഡ് ( എ. എൻ. സി ) അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും കൂടുതൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും മിസൈലുകളും ഉൾപ്പെടെ വിന്യസിച്ചും ശക്തമാക്കും.
ആൻഡമാൻ കടലും ബംഗാൾ ഉൾക്കടലും ചേരുന്ന തന്ത്രപ്രധാന മേഖലയിലാണ് കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. ചൈനയുടെ സമുദ്രവ്യാപാര പാത കടന്നുപോകുന്ന മേഖലയാണിത്.
നേട്ടങ്ങൾ
@ആൻഡമാന് സമീപം മലാക്ക കടലിടുക്ക് വഴിയാണ് ചൈനയുടെ ക്രൂഡോയിൽ ഇറക്കുമതി ഉൾപ്പെടെ ചരക്കുനീക്കത്തിന്റെ ഭൂരിഭാഗവും
@ ഇന്ത്യയുടെ പടക്കപ്പലുകളും പോർവിമാനങ്ങളും ചൈനീസ് കപ്പലുകളെ നിരീക്ഷിക്കും
@ലോകത്തെ ഏറ്റവും നിർണായക കപ്പൽ പാതയായ സിക്സ് ഡിഗ്രി ചാനലും ഇതുവഴിയാണ്. അതും ഇന്ത്യയുടെ നിരീക്ഷണത്തിലാകും
വികസനം ഇങ്ങനെ:
നാവികസേനയുടെ ഐ.എൻ.എസ് കൊഹാസ ( വടക്ക് ), ഐ.എൻ.എസ് ബാസ് ( തെക്ക് ) താവളങ്ങളിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാനായി റൺവേ 10,000 അടിയായി നീട്ടും.
കൂടുതൽ യുദ്ധക്കപ്പലുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ, എം.ഐ ഹെലികോപ്‌ടറുകൾ, സമുദ്ര നിരീക്ഷണത്തിനുള്ള ഡോണിയർ-228 വിമാനങ്ങൾ എന്നിവ വിന്യസിക്കും
കമോർത്ത ദ്വീപിൽ 10,000 അടി റൺവേ സഹിതം വ്യോമ താവളം
സുഖോയ് 30 അടക്കം യുദ്ധവിമാനങ്ങൾക്ക് സ്ഥിരം താവളം
പത്തുകൊല്ലം കൊണ്ട് 5650കോടിയുടെ വികസനം
പോർട്ട്ബ്ളെയറിലും ഗ്രേറ്റ് നിക്കോബാറിലും പുതിയ ഗ്രീൻഫീൽഡ് സിവിലിയൻ വിമാനത്താവളങ്ങൾ വരും. അതോടെ നിലവിലെ വിമാനത്താവളങ്ങൾ സേനയ്ക്ക് മാത്രമാകും.
@ആൻഡമാൻ നിക്കോബാർ തിയേറ്റർ കമാൻഡ്.
സംഘർഷ മേഖലയിലോ യുദ്ധഭൂമിയിലോ ( തിയേറ്റർ ) കര - നാവിക - വ്യോമ സേനാവിഭാഗങ്ങളുടെ മുഴുവൻ സന്നാഹങ്ങളും ത്രീസ്റ്റാർ റാങ്കിലുള്ള ഒറ്റ കമാൻഡറുടെ കീഴിൽ പ്രവർത്തിക്കുന്നതാണ് 'തിയേറ്റർ കമാൻഡ്'. ഇന്ത്യയുടെ ഏക തിയേറ്റർ കമാൻഡാണ് ആൻഡമാനിലേത്. കാർഗിൽ യുദ്ധത്തിന് ശേഷം രൂപം നൽകി. ജമ്മു കാശ്‌മീരിൽ ഉൾപ്പെടെ ഇന്ത്യയ്‌ക്ക് നാല് തിയേറ്റർ കമാൻഡുകൾ പരിഗണനയിൽ. ചൈന അവരുടെ വെസ്റ്റേൺ തിയേറ്റർ കമാൻഡിനെയാണ് ഇന്ത്യൻ
അതിർത്തിയിൽ നിയോഗിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |