റോം : വിഖ്യാത ഇറ്റാലിയൻ സംഗീതജ്ഞനും ഓസ്കാർ ജേതാവുമായ എനിയോ മോറികോൺ അന്തരിച്ചു. 91 വയസായിരുന്നു. സ്പെഗറ്റി വെസ്‌റ്റേൺ സിനിമകളുടെ പശ്ചാത്തല സംഗീതത്തിലൂടെ ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഇദ്ദേഹമാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ് അഭിനയിച്ച എക്കാലത്തെയും വെസ്‌റ്റേൺ സൂപ്പർ ഹിറ്റായ ' ദ ഗുഡ്, ദ ബാഡ്, ആൻഡ് ദ അഗ്ലി 'യിലെ മാസ്മരിക പശ്ചാത്തല സംഗീതത്തിന്റെ സൃഷ്ടാവ്.
പുറത്തിറങ്ങി 50 വർഷങ്ങൾ പിന്നീട്ടിട്ടും മോറികോണിന്റെ ഈ ഒറിജിനൽ സ്കോറിനെ വെല്ലാനുള്ള വെസ്റ്റേൺ പശ്ചാത്തല സംഗീതം ഇതേവരെ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വീണ് തുടയെല്ലിന് പരിക്കേറ്റ ഇദ്ദേഹം റോമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ഇറ്റാലിയൻ ന്യൂസ് ഏജൻസിയായ ആൻസ റിപ്പോർട്ട് ചെയ്യുന്നു. ക്ലിന്റ് ഈസ്‌റ്റ്‌വുഡ് എന്ന ഇതിഹാസ നടന്റെ കരിയറിലെ നാഴികകല്ലായി മാറിയത് ഇറ്റാലിയൻ സംവിധായകനായ സെർജിയോ ലിയോൺ ഒരുക്കിയ 'ഡോളർസ് ട്രിലജി ' എന്നറിയപ്പെടുന്ന ' എ ഫിസ്‌റ്റ്ഫുൾ ഒഫ് ഡോളേഴ്സ് ( 1964 ), ' ഫോർ എ ഫ്യൂ ഡോളേഴ്സ് മോർ ( 1965 )', ' ദ ഗുഡ് ദ ബാഡ് ആൻഡ് ദ അഗ്ലി ( 1966) ' എന്നിവയാണ്. ഈ മൂന്ന് ചിത്രങ്ങളെയും അനശ്വരമാക്കിയ പശ്ചാത്തല സംഗീതം എനിയോ മോറികോൺ ആണ് ഒരുക്കിയത്.
വൺസ് അപോൺ എ ടൈം ഇൻ അമേരിക്ക, ദ അൺടച്ചബിൾസ്, സിനിമാ പാരഡൈസോ എന്നീ സിനിമകളുടെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് മോറികോൺ ആണ്. 2007ൽ ഓണററി ഓസ്കാർ പുരസ്കാരം നൽകി സിനിമാ ലോകം ഇദ്ദേഹത്തെ ആദരിച്ചിരുന്നു. 2016ൽ ക്വെന്റീൻ ടാരന്റീനോ സംവിധാനം ചെയ്ത ' ദ ഹെയ്റ്റ്ഫുൾ എയ്റ്റ് ' എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ട് മികച്ച ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം മോറികോൺ സ്വന്തമാക്കി.
ഏഴ് ദശാബ്ദത്തിനിടെ 500 ലേറെ ചിത്രങ്ങൾക്ക് പശ്ചാത്തലമൊരുക്കി. 1960കളിൽ പുറത്തിറങ്ങിയ വെസ്‌റ്റേൺ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതത്തിന്റെ പേരിലാണ് ഇപ്പോഴും മോറികോണിനെ ലോകം ആരാധിക്കുന്നത്.
ദ ഹെയ്റ്റ്ഫുൾ എയ്റ്റിന്റെ പശ്ചാത്തല സംഗീതത്തിന് ഓസ്കാർ നേടുന്നതിന് മുമ്പ് ഡെയ്സ് ഒഫ് ഹെവൻ, ദ മിഷൻ, ദ അൺടച്ചബിൾസ്, ബഗ്സി, മലേന എന്നീ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതത്തിന് ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു. 2009ൽ ദ ഗുഡ് ദ ബാഡ് ആൻഡ് ദ അഗ്ലിയിലെ സംഗീതത്തിന് ഗ്രാമി ഹാൾ ഒഫ് ഫെയിം പുരസ്കാരം ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |