തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്തിൽ യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളികൾക്ക് ബന്ധമുള്ളതായി സൂചന നൽകി കസ്റ്റംസ്. കേസിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നയതന്ത്ര ബാഗിൽ സ്വർണം വയ്ക്കുന്നത് മലയാളികൾ ഉൾപ്പെട്ട തട്ടിപ്പ് സംഘമാണ്. ഇവരെ പിടികൂടി നാട്ടിലെത്തിക്കാനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്.
യു.എ.ഇ കോൺസുലേറ്റിന്‍റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം നടക്കുന്നത്. തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരയായ സ്വപ്ന സുരേഷിനെക്കുറിച്ചുളള വിവരങ്ങൾ കസ്റ്റംസ് ഇന്ന് പുറത്തുവിട്ടിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന ഇവർ ഇപ്പോൾ ഐ.ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്‌ന ഒളിവിലാണ്.
കസ്റ്റഡിയിലെടുത്ത യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ സരിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. കോൺസുലേറ്റ് പി.ആർ.ഒയുടെ വ്യാജ തിരിച്ചറിയൽ കാർഡ് സരിത് തട്ടിപ്പിനായി ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് തന്നെയാണ് വിവരം.