തിരുവനന്തപുരം: 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗിന് സ്വാധീനമുള്ള പല മണ്ഡലങ്ങളിലും സി.പി.എമ്മുമായി നേരിട്ടുള്ള മത്സരമാണ് നടന്നതെന്നും, ചിലേടത്ത് ലീഗിനു മേൽ സി.പി.എമ്മിന് വിജയിക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലീഗിന്റെ പിന്തുണയോടെ സി.പി.എം വിജയിക്കുകയായിരുന്നില്ല. ലീഗുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നത് വസ്തുതയാണ്. തലശ്ശേരിയിൽ സി.പി.ഐ പിന്തുണയോടെ മത്സരിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ലീഗും പിന്തുണച്ചിട്ടും മൂന്നാമതാണെത്തിയത്. ജയിലിൽ കിടന്ന് മത്സരിച്ച സി.പി.എമ്മിലെ പാട്യം ഗോപാലനാണ് വിജയിച്ചത് -65ലെ തിരഞ്ഞെടുപ്പിൽ ലീഗുമായി സഖ്യമുണ്ടാക്കിയാണ് സി.പി.എം കൂടുതൽ സീറ്റുകൾ നേടിയതെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
സി.പി.എം ഒറ്റയ്ക്ക് നേരിട്ട ആദ്യത്തെ തിരഞ്ഞെടുപ്പാണ് 65ലേത്.രാജ്യദ്രോഹികളെന്ന് മുദ്ര കുത്തി കോൺഗ്രസ് സർക്കാർ ജയിലിലടച്ചതിനാൽ ജയിലിൽ കിടന്നാണ് പലരും നോമിനേഷൻ നൽകിയത്. . ഇ.എം.എസ്, എ.കെ.ജി തുടങ്ങി ചുരുക്കം ചിലരേ പുറത്തുണ്ടായിരുന്നുള്ളൂ. അരിവാൾ ചുറ്റിക നക്ഷത്രം ആദ്യമായി ഈ തിരഞ്ഞെടുപ്പിലാണ് സി.പി.എമ്മിന്റെ ചിഹ്നമാകുന്നത്. അവിഭക്തപാർട്ടിയുടെ പിളർപ്പിന് ശേഷവും സി.പി.ഐയുമായും ആർ.എസ്.പിയുമായും യോജിച്ച് നിൽക്കാൻ സി.പി.എം ശ്രമിച്ചു. പക്ഷേ രണ്ട് പാർട്ടികളും യോജിച്ചില്ല. ഫലം വന്നപ്പോൾ സി.പി.എമ്മിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ജനം തിരഞ്ഞെടുത്തു. അന്നത്തെ പ്രധാന പാർട്ടികളായ കോൺഗ്രസും ലീഗും കേരള കോൺഗ്രസും സി.പി.ഐയുമെല്ലാം സി.പി.എമ്മിനെതിരെ മത്സരിച്ചു. മലപ്പുറം ജില്ലയിലെ മങ്കടയിലും പെരിന്തൽമണ്ണയിലും ലീഗ് സ്ഥാനാർത്ഥികളെ തോല്പിച്ചാണ് സി.പി.എം വിജയിച്ചത്. മലപ്പുറം, കുറ്റിപ്പുറം മണ്ഡലങ്ങളിൽ ലീഗ് സ്ഥാനാർത്ഥികൾ ജയിച്ചപ്പോൾ സി.പി.എം രണ്ടാമതെത്തി. സി.എച്ച്. കണാരൻ വിജയിച്ച നാദാപുരത്തും എം.കെ. കേളു ജയിച്ച മേപ്പയൂരിലും ചാത്തുണ്ണി ജയിച്ച ബേപ്പൂരിലും ലീഗ് കോൺഗ്രസിന് പിന്നിൽ മൂന്നാമതായി.സി.പി.ഐക്ക് അന്നത്തെ തിരഞ്ഞെടുപ്പിൽ കിട്ടിയത് രണ്ടോ മൂന്നോ സീറ്റാണ്- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |