പരവൂർ: വൈദ്യുതി തകരാർ പരിഹരിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ കമ്പിപ്പാര ഉപയോഗിച്ച് ആക്രമിച്ച യുവാവ് പിടിയിലായി. നെടുങ്ങോലം തൊടിയിൽ പുത്തൻവീട്ടിൽ ബിജുവിനെയാണ് (34) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ഇ.ബി പരവൂർ സെക്ഷനിലെ വർക്കർ അനന്തൻ, ലൈൻമാൻ ജോയി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അനന്തന്റെ വലതുകൈയ്ക്ക് സാരമായ പരിക്കുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് നെടുങ്ങോലം കോട്ടേക്കുന്ന് ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. പോളച്ചിറയ്ക്ക് സമീപത്തെ വീട്ടിലെ തകരാർ പരിഹരിക്കാൻ ബൈക്കിലെത്തിയ ജീവനക്കാരെ യാതൊരു പ്രകോപനവുമില്ലാതെ ബിജു ആക്രമിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു.
ജീവനക്കാർ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |