കാണ്‍പൂര്‍: ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പടെ എട്ടോളം പൊലീസുകാരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ വെടിവയ്പ്പിലെ സൂത്രധാരനായ കൊടും ക്രിമിനല്‍ വികാസ് ദുബെയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിലെ ഉജ്ജ്വയിനില്‍ നിന്നുമാണ് ദുബെയെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം. മദ്ധ്യപ്രദേശ് പൊലീസ് പിടികൂടി ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ട്രാന്‍സിറ്റ് റിമാന്‍ഡ് നല്‍കി ഇന്ന് തന്നെ ഉത്തര്‍പ്രദേശ് പോലീസിന് കൈമാറും.
കഴിഞ്ഞ വെളളിയാഴ്ച പുലര്‍ച്ചെയാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദുബെയെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ വെടിവയ്പ്പുണ്ടായത്. ഒരു കൊലക്കേസില്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് സംഘം എത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ദുബെയ്ക്കെതിരെ കൊലക്കേസ് ഉള്‍പ്പടെ നിലവില്‍ അറുപതോളം കേസുകളുണ്ട്. ഇയാളെ കണ്ടെത്തിക്കൊടുക്കുന്നവര്‍ക്ക് രണ്ടര ലക്ഷമാണ് ഉത്തര്‍പ്രദേശ് പൊലീസ് വിലയിട്ടിരുന്നത്.
പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ദുബെയെയും സംഘത്തിനെയും അന്വേഷിച്ച് പൊലീസ് അയല്‍ സംസ്ഥാനങ്ങളിലടക്കം അന്വേഷിക്കുകയായിരുന്നു. ഒടുവില്‍ മദ്ധ്യപ്രദേശിലെ ഉജ്ജ്വയിനില്‍ ഇയാള്‍ ഒളിവില്‍ താമസിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് പൊലീസ് ഭാഷ്യം. നേരത്തെ ഇയാള്‍ രാജസ്ഥാനിലുണ്ടെന്ന് അഭ്യൂഹം പരന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് പിന്നാലെ ദുബെയുടെ ബംഗ്‌ളാവും ആഢംബര കാറുകളും പൊലീസ് ജെസിബി കൊണ്ടു ഇടിച്ചു നിരത്തിയിരുന്നു. ഇതിന് പിന്നാലെ ദുബെയുടെ കൂട്ടാളികളില്‍ ചിലരെയും പിടികൂടി, രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. പൊലീസ് തന്നെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്നു ഭയന്നാണ് ദുബെ സംസ്ഥാനം വിട്ടത്. ഇയാള്‍ കീഴടങ്ങും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു അതിനാല്‍ കോടതികളിലും ചാനല്‍ ഓഫീസുകളിലും പൊലീസ് മഫ്തിയില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
കാണ്‍പൂരിലെ ബിക്രു ഗ്രാമത്തിലാണ് ദുബെയുടെ തട്ടകം, ഇവിടെ ലോക്കല്‍ രാഷ്ട്രീയക്കാരനായ വികാസ് ദുബെ എം എല്‍ എ ആകണമെന്ന ആഗ്രഹത്തിലായിരുന്നു. ബി ജെ പി നേതാക്കളെയടക്കം കൊലപ്പെടുത്തിയ കേസുകളില്‍ പ്രതിയായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതിയില്‍ കുറ്റം തെളിയിക്കാനായിരുന്നില്ല. ഇയാളെ ഭയന്ന് സാക്ഷികള്‍ മൊഴിനല്‍കാത്തതാണ് കേസുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചത്. അതേ സമയം ഉത്തര്‍പ്രദേശ് പൊലീസില്‍ നിന്നും ദുബെയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി ലഭിച്ചിരുന്നു. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |