തിരുവനന്തപുരം: കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഇന്ത്യൻ സൈനികർക്ക് നേരെ ചൈനീസ് പട്ടാളത്തിന്റെ അതിക്രമം നടന്നിട്ട് ദിവസങ്ങൾ മാത്രമെ പിന്നിടുന്നുള്ളൂ. ചൈനയ്‌ക്ക് ശക്തമായ മറുപടി ഇന്ത്യയുടെ വീരയോദ്ധാക്കൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ വ്യക്തമാക്കുകയുണ്ടായി. ഗാൽവാൻ സംഘർഷത്തിൽ ചൈനീസ് പട്ടാളത്തിന്റെ ബന്ധനത്തിൽ അകപ്പെടുകയും ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടിവരികയും ചെയ്‌ത ഇന്ത്യൻ സൈനികരിൽ ഒരു തിരുവനന്തപുരം സ്വദേശിയുമുണ്ട്. നെയ്യാറ്റിൻകര വെൺപകൽ സ്വദേശിയായ എസ്. ശ്യാംലാൽ.
നിരായുധരായി ചൈനീസ് പട്ടാളത്തെ നേരിട്ട ഇന്ത്യൻ സൈനികസംഘാംഗമായിരുന്നു ശ്യാം. സംഘർഷം തുടങ്ങുമ്പോൾ തന്നെ എല്ലാത്തിന്റെയും സാക്ഷി. ശ്യാമിനെയടക്കം12 ഇന്ത്യൻ സൈനികരെയാണ് ചൈനീസ് പട്ടാളം ബന്ധനസ്ഥരാക്കിയത്. പൈശാചികമായ പീഡനത്തിനാണ് പിന്നീട് ഇടയാകേണ്ടിവന്നതെന്ന് ശ്യാം പറയുന്നു. രണ്ടര ദിവസത്തോളം ക്രൂരമായ പീഡനമുറകൾ ഇന്ത്യൻ സൈനികർക്ക് നേരെ പട്ടാളക്കുപ്പായമണിഞ്ഞ ചൈനീസ് ഭീകരർ അഴിച്ചുവിടുകയായിരുന്നു. പ്രാകൃതമായ ശിക്ഷാരീതികളായിരുന്നു പലതും.
ഇന്ത്യൻ കരസേനയിലെ ബിഹാർ റെജിമെന്റ് 16ലെ നായിക് ആണ് എസ്. ശ്യാം ലാൽ. 12 വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിന് കരസേനയിൽ ജോലി ലഭിക്കുന്നത്. ഒന്നര വർഷം മുമ്പായിരുന്നു ലേയിൽ സേവനത്തിന് പോകുന്നത്. നാട്ടിലേക്ക് മടങ്ങി വരാനിരിക്കവെയായിരുന്നു കൊവിഡിന്റെ വരവ്. തുടർന്ന് പ്രഖ്യാപിക്കപ്പെട്ട സമ്പൂർണലോക്ക്‌ഡൗണിൽ ശ്യാം ലേയിൽ തന്നെ തുടരുകയായിരുന്നു.
നമ്മുടെയെല്ലാം സങ്കൽപ്പങ്ങൾക്കപ്പുറമുള്ള പീഡനമുറകൾ മനസിനും ശരീരത്തിനും ഏൽപ്പിച്ച മുറിവ് മായാതെ നിൽക്കുന്നതുകൊണ്ടുതന്നെ പലതും ഓർത്തെടുക്കാൻ ശ്യാമിന് ഏറെ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. യഥാർത്ഥത്തിൽ ലേയിൽ സംഭവിച്ചതെന്ത്. ഇതിന് ഉത്തരമെന്നോണം ശ്യാമിന്റെ വാക്കുകളിലെ ഓരോ വരിയും പറഞ്ഞുവയ്‌ക്കുന്നത് ഇന്ത്യൻ സൈനികന്റെ സേവനത്തിന്റെ മഹത്വമാണ്.
പ്രകോപനം ഒന്നുംകൂടാതെയായിരുന്നു ചൈനീസ് പട്ടാളത്തിന്റെ ആക്രമണം
2020 ജൂൺ 16നാണ് രാജ്യം ഞെട്ടലോടെ ആ വാർത്ത കേൾക്കുന്നത്. കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ചൈനീസ് പട്ടാളവുമായുണ്ടായ സംഘർഷത്തിൽ കേണൽ ഉൾപ്പടെ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു എന്നതായിരുന്നു വാർത്ത. കേണൽ സന്തോഷ് ബാബു അടക്കം മൂന്ന് ധീരസൈനികരായിരുന്നു വീരചരമം അടഞ്ഞത്.
'പ്രകോപനം ഒന്നുംകൂടാതെ പൊടുന്നനെയായിരുന്നു ചൈനീസ് പട്ടാളത്തിന്റെ ആക്രമണം. ഇന്ത്യയുടെ അതിർത്തി കടന്നുകയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമത്തെ ഞങ്ങൾ തടഞ്ഞു. തുടർന്നുണ്ടായ രൂക്ഷമായ സംഘർഷത്തിലാണ് കേണൽ സന്തോഷ് ബാബുവിന് ജീവൻ ത്യജിക്കേണ്ടിവന്നത്. ചൈനീസ് പട്ടാളത്തിന്റെ കൊടിയ പീഡനങ്ങൾക്ക് കേണൽ വിധേയനായി. ഞങ്ങൾ ശക്തമായി തിരിച്ചടിച്ചു. ചൈനീസ് പട്ടാളത്തിനും കനത്ത ആൾനാശമുണ്ടായി. എന്നാൽ ഞാനടക്കമുള്ള ഇരുപതോളം പേർ അവരുടെ പിടിയിലായി. രണ്ട് ദിവസത്തോളം ചൈനീസ് പട്ടാളത്തിന്റെ ബന്ധനത്തിൽ. ചിന്തിക്കാൻ കഴിയാത്തവിധം കൊടിയ പീഡനങ്ങളാണ് ഞങ്ങളുടെ മേൽ അവർ അഴിച്ചുവിട്ടത്. '-ശ്യാമിന്റെ വാക്കുകൾ.
രക്ഷയായത് തരൂരിന്റെ ഇടപെടൽ
എൻ.എസ്.എസ് പ്രതിനിധി സഭാംഗവും നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റുമായ കോട്ടുകാൽ കൃഷ്‌ണകുമാറിന്റെ ശക്തമായ പ്രവർത്തനഫലമാണ് ശ്യാമിന്റെ മോചനത്തിന് വഴി തുറന്നത്. സംഘർഷം ആരംഭിച്ച് 17 ദിവസത്തോളം ശ്യാമിനെ കുറിച്ചുള്ള ഒരു വിവരവും വീട്ടുകാർക്ക് ലഭ്യമായിരുന്നില്ല. തുടർന്നാണ് കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ ശശി തരൂർ മുഖാന്തിരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ ബന്ധപ്പെടുന്നത്. പിന്നീട് വളരെ പെട്ടെന്ന് കാര്യങ്ങൾ നീങ്ങുകയായിരുന്നു. ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ടിടപെട്ടതോടെയാണ് ശ്യാം അടക്കമുള്ള സൈനികരുടെ മോചനത്തിന് ചൈന തയ്യാറായത്. തുടർന്ന് ജൂൺ 24ന് ശ്യാം നാട്ടിലെത്തി. 14 ദിവസത്തോളമുള്ള ക്വാറന്റൈൻ കഴിഞ്ഞദിവസം പൂർത്തിയായി.
ഒന്നും എന്നെ ബാധിക്കുന്നില്ല...രാജ്യം വിളിച്ചാൽ ഇനിയും പോകും
ഒരു മനുഷ്യായുസിൽ മറക്കാൻ കഴിയാത്ത സാഹചര്യങ്ങളിലൂടെ കടന്നിട്ടും ഇന്ത്യൻ സൈനികൻ എന്ന തന്റെ ആത്മാഭിമാനത്തിനെ അണുവിടപോലും മാറ്റിമറിക്കാൻ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ലെന്ന് ശ്യാം പറയുന്നു. മനസിനും ശരീരത്തിനും ഏൽക്കേണ്ടി വന്ന വേദനകൾ ഏറെയാണ്. എന്നിരുന്നാലും ജന്മനാടിന് വേണ്ടിയായിരുന്നു അതെല്ലാം എന്നോർക്കുമ്പോൾ ഈ വീരജവാന്റെ വാക്കുകളിൽ ആവേശം മാത്രമെ സ്ഫുരിക്കുന്നുള്ളൂ. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന തന്റെ കുടുംബത്തെ ചേർത്തു നിറുത്തി നായിക് ശ്യാംലാൽ പറയുന്നു...'ഒന്നും എന്നെ ബാധിക്കുന്നില്ല...രാജ്യം വിളിച്ചാൽ ഏത് അതിർത്തിയിലും കാവലായി ഞാൻ ഇനിയും പോകും'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |