ഇന്ത്യൻ അത്‌ലറ്രിക്സിന്റെ മുഖമാണ് പയ്യോളി എക്സ്പ്രസ് എന്ന പി.ടി ഉഷ. കായിക ലോകത്തിന് ഇന്ത്യ നൽകിയ ഏറ്രവും മികച്ച വനിതാ അത്‌ലറ്റ് ആരെന്ന ചോദ്യത്തിന് ഒറ്ര ഉത്തരമേ ഇതുവരയെുള്ളൂ പിലാവുള്ള കണ്ടി തെക്കേപ്പറമ്പിൽ ഉഷ...ഒളിമ്പിക്സിൽ ആദ്യമായി ഫൈനലിൽ എത്തുന്ന ഇന്ത്യൻ അത്‌ലറ്റാണ് ഉഷ.
1984ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ 400 മീറ്രർ ഹർഡ്ഡിൽസിൽ സെക്കന്റിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ ഉഷയ്ക്ക് നഷ്ടപ്പെട്ട വെങ്കലം ഇന്നും രാജ്യത്തിന്റെ കണ്ണീരാണ്. അന്ന് ഉഷ കുറിച്ച 55.42 സെക്കൻഡ് ഇന്നും ദേശീയ റെക്കാഡായി തുടരുകയാണ്. ഏഷ്യൻ ഗെയിംസിലെ 4 സ്വർണവും 7 വെള്ളിയും ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ 14 സ്വർണവും ഉൾപ്പെടെ നൂറോളം അന്താരാഷ്ട്ര മെഡലുകളും എണ്ണമില്ലാത്ത ദേശീയ, സംസ്ഥാന മെഡലുളുമെല്ലാം ആ ഇതിഹാസ കരിയറിന് അലങ്കാരമാകുന്നു. 1983ൽ അർജുനയും 1985ൽ പത്മശ്രീയും നൽകി രാജ്യം ഉഷയെ ആദരിച്ചു. അത്‌ലറ്റിക്സിൽ നിന്ന് വിരമിച്ച ശേഷവും ഉഷാ സ്കൂൾ എന്ന പേരിൽ പുതിയ താരങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ഉഷ. തന്റെ കരിയറിനെയും ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഇപ്പോഴത്തെ അവസ്ഥയേയും കൊവിഡ് കാലത്തെ കായിക രംഗത്തേയും കുറിച്ചുമെല്ലാം കഴിഞ്ഞ ദിവസം ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉഷ മനസു തുറന്നു. അഭിമുഖത്തിൽ നിന്ന്...
എല്ലാം ദൈവാനുഗ്രഹം എല്ലാവർക്കും നന്ദി
ഇതുവരെയെത്താനായതും രാജ്യത്തിനായി ഇത്രയും നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞതുമെല്ലാം ദൈവാനുഗ്രഹമാണ്. എന്റെ കോച്ച്, മാതാപിതാക്കൾ, സഹതാരങ്ങൾ, എപ്പോഴും സ്നേഹവും കരുതലും നൽകുന്ന കോടിക്കണക്കിന് ആരാധകർ ഇവരുടെയെല്ലാം പ്രാർത്ഥനയും പിന്തുണയുമാണ് എന്നെ ഞാനാക്കിയത്. ഇപ്പോഴും എവിടെച്ചെന്നാലും ജനങ്ങൾ തിരിച്ചറിയുന്നതും സ്നേഹത്തോടെ ഓടിയെത്തുന്നതും എനിക്ക് കിട്ടുന്ന ഏറ്രവും വലിയ ബഹുമതിയാണ്. അതൊരു വല്ലാത്ത അനുഭവമാണ്. പക്ഷേ രാജ്യത്തിന് അത്‌ലറ്രിക്സിൽ നിന്ന് ഒരു ഒളിമ്പിക് മെഡൽ എന്ന എന്റെ സ്വപ്നം ഇപ്പോഴും പൂവണിഞ്ഞിട്ടില്ല. വിരമിച്ചതിന് ശേഷം അതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 2024ലോ, 2028ലൊ ആ സ്വപ്നം പൂവണിയുമെന്ന് തന്നെയാണ് പ്രതീക്ഷ.
1984ലെ എന്റെ പ്രകടനത്തോടെ ഇന്ത്യൻ അത്‌ലറ്രിക്സിനെക്കുറിച്ചുള്ള ആളുകളുടെ ചിന്താഗതിയിൽ മാറ്റം വന്നു. അതുവരെ നമുക്കതിന് കഴിയുമോ എന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാൽ എന്റെ പ്രകടനത്തോടെ നമുക്ക് അതിന് കഴിയും എന്ന നിലയിൽ എല്ലാവർക്കും ആത്മവിശ്വസം ഉണ്ടായി. അങ്ങനെയൊരു മാറ്രത്തിന് കാരണമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
നമ്പ്യാർ സാർ
നമ്പ്യാർ സാറാണ് എന്റെ ഗോഡ്ഫാദറും നേട്ടങ്ങൾക്ക് പിന്നിലെ ചാലക ശക്തിയും.
1976ൽ ഞാൻ ചെറിയ ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തെ കാണുന്നത്. സ്കൂളിലെ ആനുവൽ സ്പോർട്സ് മീറ്രിൽ സമ്മാനം വിതരണം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. എന്റെ ഓട്ടം അദ്ദേഹം കണ്ടു. പക്ഷേ ഒന്നും സംസാരിച്ചില്ല. ഞാൻ ഏഴാം ക്ലാസ് പാസായ സമയത്താണ് കേരള സർക്കാർ പെൺകുട്ടികൾക്കായി സ്പോർട്സ് സ്‌കൂൾ തുടങ്ങാനുള്ള തീരുമാനമെടുക്കുന്നത്. സെലക്ഷൻ ട്രയൽസിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ ഞാൻ ഒന്നാമതെത്തി. കണ്ണൂർ ഡിവിഷൻ സ്കൂളിൽ എനിക്ക് സീറ്റ് കിട്ടി. നമ്പ്യാർ അവിടെ കോച്ചായുണ്ടായിരുന്നു. എന്റെ കഴിവുകളെക്കുറിച്ച് പരിശീലന സമയത്ത് അദ്ദേഹത്തിന് മനസിലായി. അദ്ദേഹം എനിക്ക് പ്രത്യേക പരിഗണന നൽകി. കൂടുതൽ സമയം പരിശീലിപ്പിച്ചു. അവധിക്കാലത്ത് പയ്യോളിയിലെ ഗ്രൗണ്ടിലും ബീച്ചിലുമെല്ലാം അദ്ദേഹം എനിക്ക് പരിശീലനം നൽകി. ആ പരിശീലനങ്ങളാണ് എന്നെ കൂടുതൽ കരുത്തയാക്കിയത്. എന്റെയും നമ്പ്യാർ സാറിന്റെയും വീടുകൾ തമ്മിൽ 5 കി.ലോ മീറ്രർ ദൂരമേയുള്ളൂ.
84ലെ നഷ്ടം
സങ്കടമാണോ എനിക്ക് ആദ്യം തോന്നിയത്? അറിയില്ല. ഒരു ഒളിമ്പിക്സിന്റെ ഫൈനലിൽ എത്തുക. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ആവേശത്തോടെ കാത്തിരിക്കുക, പതിനായിരക്കണക്കിന് കാണികൾ ആകാംഷയോടെ സ്റ്രേഡിയത്തിൽ ഒന്നും ഒരിക്കലും മറക്കില്ല. കൂടെയോടാനുള്ള അമേരിക്കൻ താരങ്ങളും എന്നെ തുറിച്ച് നോക്കുന്നുണ്ട്. കാരണം അവരുടെ ഏറ്രവും മികച്ച താരം ജൂഡി ബ്രൗൺ കിംഗിനെ ഞാൻ കാലിഫോർണിയയിൽ നടന്ന പ്രീ ഒളിമ്പിക് മീറ്റിൽ തോൽപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ഒരു പുരുഷ, താരംപോലും ഈ നിലയിൽ എത്തിയിട്ടില്ല. ഒരു വനിതാ താരം ഞങ്ങളെ വെല്ലുവിളിക്കുന്നു. അതും ഒരു കൊച്ചു പെണ്ണ് - എന്ന രീതിയിലായിരുന്നു അവരുടെ നോട്ടം.
മത്സരം ശേഷം സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ വെങ്കലം നഷ്ടമായ ദുഖത്തിലായിരുന്നു ഞാൻ. എന്നാൽ എന്റെ സങ്കടമെല്ലാം മായിച്ചു കളഞ്ഞ ഒരു മെസ്സേജ് എനിക്ക് കിട്ടി. അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ഇവന്ദിര ഗാന്ധിയാണ് ആ സന്ദേശമയച്ചത്. അതിപ്രകാരമായിരുന്നു.
-ഉഷേ , എന്റെ മകളേ... നീ നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി. നമ്മൾക്ക് ഭാഗ്യമില്ലാതായിപ്പോയി. വിഷമിക്കേണ്ട കുട്ടീ, പരിശ്രമം തുടരൂ, ഞങ്ങളെല്ലാം നിന്നോടൊപ്പമുണ്ട്-ഇത് വായിച്ച് കഴിഞ്ഞതോടെ എന്റെ സങ്കടമെല്ലാം മാറി.
ഇതുപോര
അത്‌ലറ്രിക്സിൽ നിലവിലെ സാഹചര്യത്തിൽ ഫിഫ്റ്റി-ഫിഫ്റ്രി ചാൻസാണുള്ളത്. കഠിന പ്രയത്നം ചെയ്യുന്നവർക്ക് നേട്ടമുണ്ടാക്കാനാകും. എ.എഫ്.ഐയും സായായും ആവുന്ന വിധം ചെയ്യുന്നുണ്ട്. 1998ന് ശേഷം ധാരാളം വിദേശ കോച്ചുമാരുടെ സേവനം ഇന്ത്യൻ അത്‌ലറ്രുകൾക്ക് കിട്ടി. കോടിക്കണക്കിന് രൂപ ചെലവഴിച്ചു.എന്നാൽ ഒരു ഒളിമ്പിക് മെഡലിന് അടുത്തുപോലും എത്താനായിട്ടില്ല എന്നത് ചിന്തിക്കേണ്ട വിഷയമാണ്. 2024ലോ 2008ലൊ അത്‌ലറ്രിക്സിൽ മെഡൽ വരുമെന്നാണ് പ്രതീക്ഷ. പ്രതിഭകളെ ചെറുപ്പത്തിലേ കണ്ടെത്തുന്ന കാര്യത്തിൽ ഇപ്പോഴും പിഴവുകളുണ്ട്. പലതരം രാഷ്ട്രീയങ്ങളും ഇതിനിടയിൽ വരുന്നു. ശാസ്ത്രിയമായിട്ടുള്ള അടിസ്ഥാന പരിശീലനം നൽകാൻ ഇപ്പോഴും കഴിയുന്നില്ല. ഒരു മാറ്രം ആവശ്യമാണ്. പക്ഷേ അത് എവിടെ എന്നതാണ് വലിയ ചോദ്യം. കോടിക്കണക്കകിന് രൂപ വെറുതേ പാഴാവുകയാണ്.
കൊവിഡും ലോക്കഡൗണും
എല്ലാ രംഗത്തേയും പോലെ കായിക രംഗത്തേയും കൊവിഡ് വളരെ പ്രതികൂലമായി ബാധിച്ചു. എന്നാൽ കൊവിഡിന് ശേഷവും കായികരംഗം ഉണ്ടാകും എന്നത് സത്യമാണ്. ഒഴിഞ്ഞ ഗാലറിയും താരങ്ങളും കോച്ചുമാരുമെല്ലാം സാമൂഹ്യഅകലം പാലിക്കേണ്ടതുമെല്ലാം യാഥാർത്ഥ്യവും അംഗീകരിക്കേണ്ടതുമാണ്. 2021 മാർച്ചോടെ എല്ലാം പഴയിലയിലാകുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |