പെർത്ത്: ഏകദിന ക്രിക്കറ്റിലെ ഇന്ത്യൻ ക്യാപ്ടൻ സ്ഥാനം രോഹിത് ശർമയിൽ നിന്ന് മാറ്റിയതിന് പിന്നാലെ മുൻ നായകനും ഹെഡ് കോച്ച് ഗൗതം ഗംഭീറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. കൂടാതെ രോഹിതുമായി പുതിയ ക്യാപ്ടൻ ശുഭ്മൻ ഗിൽ മുൻപുണ്ടായിരുന്ന സൗഹൃദം പങ്കുവയ്ക്കുമോ എന്ന കാര്യത്തിലും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തിനിടെ മഴ കാരണം കളി നിർത്തിവച്ചപ്പോൾ ഡ്രസിംഗ് റൂമിൽ കണ്ട കാഴ്ചകൾ ഈ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടു.
പെർത്തിലെ ഓപ്ടസ് സ്റ്റേഡിയത്തിൽ മഴ കാരണം കളി തടസപ്പെട്ട സന്ദർഭത്തിലാണ് രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഡ്രസ്സിംഗ് റൂമിൽ ഏറെ നേരം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഗൗരവമായ ചർച്ചയിൽ ഏർപ്പെട്ട ഇരുവരും പിന്നീട് മഴ വിരുന്നെത്തിയതോടെ പോപ്‌കോൺ പങ്കുവച്ച് തമാശകൾ പറയുന്നുണ്ടായിരുന്നു. കളിക്കളത്തിലെ സാഹചര്യങ്ങളും ബാറ്റിംഗ് ടെക്‌നിക്കുകളും ചർച്ച ചെയ്യുകയായിരുന്നു ആദ്യമെങ്കിലും പിന്നീട് അന്തരീക്ഷം മാറിമറിഞ്ഞ് ചിരിയും തമാശകളുമായി. ഇരുവരും ഒരുമിച്ചിരുന്ന് മഴ മാറിയോ എന്ന് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇതിന് തൊട്ടുപിന്നാലെയാണ് ശ്രദ്ധ ഹെഡ് കോച്ച് ഗൗതം ഗംഭീറിലേക്കും വഴി മാറിയത്. രോഹിതുമായും ഗില്ലുമായും അദ്ദേഹം തമാശകൾ പറയുന്നതും ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഗിൽ തന്റെ ഐപാഡിൽ എന്തോ ഒരു കാര്യം ഗംഭീറിന് കാണിച്ചുകൊടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്കും ഇവർക്കൊപ്പം ചേർന്ന് രോഹിതിന്റെയും ഗില്ലിന്റെയും വാക്കുകൾ ശ്രദ്ധിക്കുന്നുണ്ട്.
എന്നാൽ ഡ്രസിംഗ് റൂമിലെ ഈ സൗഹൃദ സംഭാഷണങ്ങളിൽ വിരാട് കൊഹ്ലി ഇല്ലാതിരുന്നതും കൗതുകമുണർത്തി. കൊഹ്ലിയും ഗംഭീറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നിലനിൽക്കുന്നതിനിടയിൽ ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള നെറ്റ്സ് സെഷനിലും ഇരുവരും ഒരുമിച്ച് സംസാരിക്കുന്നത് കണ്ടിരുന്നില്ല. ഏകദിനത്തിന് മുന്നോടിയായി ഗിൽ രോഹിതുമായും വിരാടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളിൽ നിന്ന് സത്യം തികച്ചും വ്യത്യസ്തമാണെന്നും താൻ സീനിയർ കളിക്കാർക്കൊപ്പം സൗഹൃദം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യക്ക് ഇന്ന് മോശം തുടക്കമാണ് ലഭിച്ചത്. രോഹിത് (8), വിരാട് (0), ശുഭ്മൻ ഗിൽ (10) ശ്രേയസ് അയ്യർ (11) എന്നിവർ പെട്ടെന്ന് തന്നെ കൂടാരത്തിലേക്ക് മടങ്ങി. ജോഷ് ഹേസൽവുഡിന്റെ പന്തിൽ രോഹിതും മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കൊഹ്ലിയും പുറത്തായി. നഥാൻ എല്ലിസിന്റെ പന്തിൽ ലെഗ് സൈഡിലേക്ക് പോയ പന്തിൽ ഔട്ടായ ഗില്ലും പുറത്ത് പോകുകയായിരുന്നു. ഏകദേശം എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹിതും വിരാടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. മത്സരത്തിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് ടീമിൽ അരങ്ങേറ്റത്തിന് അവസരം നൽകി. ആതിഥേയർക്കായി മാത്യു റെൻഷായും മിച്ചൽ ഓവനും ആദ്യ ഏകദിനം കളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |